കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനിയറിങ് കോളേജിലെ വിദ്യാര്‍ഥി ശ്രദ്ധ സതീഷ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയുന്ന അമ്പതോളം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ചീഫ് വിപ്പും സ്ഥലം എം എല്‍എയുമായ എന്‍ ജയരാജനെ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് പോലീസ് കേസെടുത്തത്.
ചീഫ് വിപ്പിനെയും ഡിവൈഎസ്പി അനില്‍കുമാര്‍,എസ്‌ഐ കെവി രാജേഷ് കുമാര്‍ എന്നിവരെ തടഞ്ഞു എന്ന് കാണിച്ച് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. കേസിന്റെ എഫ്‌ഐആര്‍ റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന് മുന്‍പ് പോലീസ് വിദ്യാര്‍ഥികള്‍ ചീഫ് വിപ്പിനെ തടഞ്ഞുവെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും തന്നെ ആരും തടഞ്ഞിട്ടില്ലെന്നാണ് സ്ഥലം എംഎല്‍എ കൂടിയായ ചീഫ് വിപ്പ് പറഞ്ഞത്. ഇതിനിടെ മരിച്ച ശ്രദ്ധ സതീഷ് എഴുതിയതെന്ന് പോലീസ് പറയുന്ന ആത്മഹത്യാക്കുറിപ്പ് വ്യാജമാണെന്ന് ആരോപിച്ച് ശ്രദ്ധയുടെ കുടുംബം രംഗത്തെത്തി. പോലീസ് കണ്ടെത്തിയ കുറിപ്പ് ശ്രദ്ധ 2022 ഒക്ടോബറില്‍ സ്‌നാപ് ചാറ്റില്‍ പങ്കുവെച്ച കത്താണെന്നാണ് കുടുംബം ആരോപിക്കുന്നത്.