തോട്ടക്കാട്ടുകര സ്വദേശിനിയായ 52 വയസുകാരി വിധവയാണ് അഞ്ചുവര്‍ഷമായി പീഡനത്തിനും കബളിപ്പിക്കലിനും ഇരയായത്. വിധവയായ വീട്ടമ്മയുമായി യോഗ പഠിപ്പിയ്ക്കുന്നതിനിടെയാണ് രാമചന്ദ്രന്‍ പരിചയത്തിലാകുന്നത്. അഞ്ച് വര്‍ഷം മുന്‍പ് വീടിന്റെ ദോഷം മാറ്റാനെന്ന പേരില്‍ പൂജ നടത്താനും പ്രതി എത്തിയിരുന്നു. പൂജയ്ക്കിടെ മയക്കുമരുന്ന് നല്‍കിയാണ് വിധവയെ പീഡിപ്പിച്ചത്. പിന്നീട് യോഗ പഠിപ്പിയ്ക്കാന്‍ എത്തുമ്പോഴെല്ലാം രോഗ പ്രതിരോധത്തിനും ഊര്‍ജ്ജസ്വലതയ്ക്കും നല്ലതാണെന്ന് വിശ്വസിപ്പിച്ച് ഒരു ദ്രാവകം നല്‍കി സ്ത്രീയെ അബോധാവസ്ഥയിലാക്കിയ ശേഷവും പീഡനം തുടരുകയായിരുന്നു. ഇത് എതിര്‍ത്തപ്പോള്‍ ആഭിചാരക്രിയ ചെയ്ത് കുട്ടികളെ നശിപ്പിയ്ക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.
വാഹനാപകടത്തില്‍ ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്നു ലഭിച്ച നഷ്‌ടപരിഹാര തുകയും ഇവരുടെ ഉടമസ്‌ഥതയിലുണ്ടായിരുന്ന മറ്റൊരു വീട് പണയപ്പെടുത്തിയ തുകയും പ്രതി സ്വന്തമാക്കി. കൂടാതെ ഇവരുടെ സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തിയ പണവും ഇയാള്‍ കൈക്കലാക്കിയിരുന്നു. അതിനു പുറമേ സ്‌ത്രീയുടെ ചെക്ക് ലീഫുകള്‍ തന്ത്രപൂര്‍വം കൈവശപ്പെടുത്തിയ പ്രതി മറ്റൊരാളില്‍നിന്നും ലക്ഷങ്ങള്‍ പലിശയ്‌ക്കു വാങ്ങുന്നതിനും ഈ ചെക്കുകള്‍ ഈടായി നല്‍കുകയും ചെയ്തു.
തുടര്‍ന്ന് മാനസികമായി തളര്‍ന്ന സ്‌ത്രീയെ മക്കള്‍ വൈദ്യപരിശോധനയ്‌ക്കു വിധേയമാക്കുകയും തുടര്‍ന്നു കൗണ്‍സലിങ് നടത്തുകയും ചെയ്‌തപ്പോഴാണു പീഡനവിവരം ഉള്‍പ്പെടെ പുറത്തുവന്നത്. തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതി ഒരു ആഢംബര കാര്‍ വാങ്ങിയിരുന്നു. ഇയാളുടെ സഹായികളായി പ്രവര്‍ത്തിച്ച ചിലരെക്കുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്‌തു. കൂട്ടുപ്രതികളെ കണ്ടെത്തുന്നതിനും തെളിവെടുപ്പിനുമായി പ്രതിയെ കസ്‌റ്റഡിയില്‍ വാങ്ങുമെന്ന് സി ഐ ടി ബി വിജയന്‍ അറിയിച്ചു.