കതിരൂര്‍ മനോജ് വധം; സിപിഎം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി കോടതിയില്‍ കീഴടങ്ങി
ചൊവ്വ, 28 ജൂലൈ 2015 (12:12 IST)
കതിരൂരില്‍ ആര്‍എസ്‌എസ് നേതാവ് മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സിപിഎം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടിഐ മധുസൂദനന്‍ കോടതിയില്‍ കീഴടങ്ങി. മധുസൂദനന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.
മനോജ് വധക്കേസിലെ പ്രധാനപ്രതി വിക്രമന് പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സ നടത്താനുള്ള സഹായങ്ങള്‍ ചെയ്തു എന്നതാണ് മധുസൂദനന്റെ പേരിലുള്ള പ്രധാനകുറ്റം. കേസില്‍ ഇരുപതാം പ്രതിയാണ് മധുസൂദനന്‍. കേസില്‍ സിആര്‍പിസി 160 പ്രകാരം മൊഴി നല്‍കാന്‍ ഹാജരാകാന്‍ മധുസൂദനന് സിബിഐ നോട്ടീസ് നല്‍കിയിരുന്നു.
ഇതൊടെയാണ് മധുസൂദനന്‍ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ കോടതി അപേക്ഷ തള്ളുകയായിരുന്നു. കേസില്‍ നേരത്തെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും തലശ്ശേരി സെഷന്‍സ് കോടതി തള്ളിയിരുന്നു. യുഎപിഎ ചുമത്തിയതുകൊണ്ടാണ് ജാമ്യാപേക്ഷ തള്ളുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.