തൃശൂര്‍ മാടക്കത്തറയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

രേണുക വേണു

വെള്ളി, 5 ജൂലൈ 2024 (09:12 IST)
തൃശൂര്‍ മാടക്കത്തറ പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. കട്ടിലപൂവം ബാബു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 310 പന്നികളെ ശാസ്ത്രീയമായി കൊന്നൊടുക്കും. ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തിലാണ് കള്ളിങ് പ്രക്രിയ നടപ്പാക്കുന്നത്. തുടര്‍ന്ന് പ്രാഥമിക അണുനശീകരണ നടപടികള്‍ കൂടി സ്വീകരിക്കും. 
 
ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ രോഗബാധിത പ്രദേശമായും 10 കിലോമീറ്റര്‍ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. രോഗബാധിത പ്രദേശങ്ങളില്‍ നിന്നും പന്നിമാംസം വിതരണം ചെയ്യല്‍, ഇത്തരം കടകളുടെ പ്രവര്‍ത്തനം, പന്നികള്‍, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളില്‍ നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും വിലക്കി. രോഗം സ്ഥിരീകരിച്ച പന്നിഫാമില്‍ നിന്നും മറ്റു ഫാമുകളിലേക്ക് കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ പന്നികളെ കൊണ്ടുപോയിട്ടുണ്ടോയെന്ന് അന്വേഷിക്കും. 
 
ആഫ്രിക്കന്‍ പന്നിപ്പനി പന്നികളില്‍ മാത്രം കണ്ടുവരുന്ന രോഗമാണ്. പന്നികളില്‍ നിന്ന് മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരാനുള്ള സാധ്യത കുറവാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍