Afan Suicide Attempt: 'ജയിലില്‍ ആരോടും അധികം മിണ്ടില്ല, ആത്മഹത്യാശ്രമം ഉണങ്ങാനിട്ട മുണ്ടില്‍'; അഫാന്‍ വെന്റിലേറ്ററില്‍ തുടരുന്നു

രേണുക വേണു

തിങ്കള്‍, 26 മെയ് 2025 (09:37 IST)
Afan Suicide Attempt: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ (23) സെന്‍ട്രല്‍ ജയിലിനുള്ളില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. പ്രതി മുന്‍പും ആത്മഹത്യാശ്രമം നടത്തിയിട്ടുള്ളതിനാല്‍ 'ജയിലിനുള്ളിലെ ജയില്‍' എന്നറിയപ്പെടുന്ന യുടിബി ബ്ലോക്കിലാണ് പാര്‍പ്പിച്ചിരുന്നത്. അതീവ സുരക്ഷ വേണമെന്ന് പൊലീസിന്റെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നിട്ടും അഫാന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത് സുരക്ഷാ വീഴ്ചയാണെന്നാണ് ജയില്‍ അധികാരികളുടെ വിലയിരുത്തല്‍. 
 
കൃത്യമായ സുരക്ഷ ഒരുക്കാത്ത നടപടിയില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചു. ജയിലില്‍ എത്തിയ ശേഷവും അഫാന്റെ പെരുമാറ്റത്തില്‍ ചില അസ്വാഭാവികതകള്‍ കണ്ടിരുന്നു. ശാന്തമായാണ് എല്ലാവരോടും പെരുമാറിയിരുന്നതെങ്കിലും ആരോടും വലിയ അടുപ്പം കാണിച്ചിരുന്നില്ല. സഹതടവുകാരോടു സംസാരിക്കാന്‍ താല്‍പര്യം കാണിക്കാറില്ല. എപ്പോഴും ഒറ്റയ്ക്കു ഇരിക്കുന്നതാണ് ഇഷ്ടം. ആത്മഹത്യ ചെയ്യാനായി അഫാന്‍ നേരത്തെ പദ്ധതിയിട്ടിരുന്നെന്നാണ് പൊലീസ് കരുതുന്നത്. 
 
ആത്മഹത്യാപ്രവണതയുള്ളതിനാല്‍ പ്രത്യേക നിരീക്ഷണം വേണ്ടവരെ പാര്‍പ്പിക്കുന്ന ബ്ലോക്കിലാണ് അഫാന്‍ കഴിഞ്ഞിരുന്നത്. അഫാനെ കൂടാതെ മറ്റൊരാള്‍ കൂടി ഈ സെല്ലില്‍ ഉണ്ടായിരുന്നു. അഫാനെ നിരീക്ഷിക്കാന്‍ ഈ സഹതടവുകാരനെ ചുമതലപ്പെടുത്തിയിരുന്നു. ഞായറാഴ്ചയായതിനാല്‍ രാവിലെ 11ന് ബ്ലോക്കില്‍ തന്നെയുള്ള പ്രത്യേക മുറിയില്‍ ടിവി കാണാനുള്ള സൗകര്യം ഒരുക്കിയിരുന്നു. സഹതടവുകാരന്‍ ഫോണ്‍ ചെയ്യാന്‍ പോയ തക്കം നോക്കിയാണ് അഫാന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്. അലക്കി ഉണങ്ങാനിട്ട മുണ്ടെടുത്ത് ശുചിമുറിയില്‍ കയറി അഫാന്‍ ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. 
 
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഫാന്റെ നില ഇപ്പോഴും ഗുരുതരമാണ്. ജയിലില്‍ വെച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് അഫാനെ ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിച്ച ശേഷം അഫാനു മൂന്നുതവണ അപസ്മാരമുണ്ടായി. തുടര്‍ന്ന് വെന്റിലേറ്ററിലേക്കു മാറ്റി. തലച്ചോറിനും ഹൃദയത്തിനും സാരമായ ക്ഷതമുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍