ബാബുവിന്റെയും മാണിയുടെയും ഊഴം കഴിഞ്ഞു; അടൂര്‍ പ്രകാശിനുള്ള ചുവപ്പു കാര്‍ഡുമായി ജേക്കബ് തോമസ് - വിജിലന്‍സ് പിടിമുറുക്കുന്നു
ശനി, 30 ജൂലൈ 2016 (14:58 IST)
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ കരിനിഴലിലാക്കിയ എല്ലാ കേസുകളും കുത്തിപ്പൊക്കി കോണ്‍ഗ്രസിന്റെ മനസമാധാനം നശിപ്പിക്കുന്ന വിജിലന്‍സ് ഡയറക്‍ടര്‍ ഡിജിപി ജേക്കബ് തോമസിന്റെ അടുത്തലക്ഷ്യം മുന്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശാണെന്ന് റിപ്പോര്‍ട്ട്. മന്ത്രിയായിരിക്കെ അദ്ദേഹം നടത്തിയ വിവാദ ഇടപെടലുകള്‍ അന്വേഷിക്കുവാനാണ് വിജിലന്‍സിന്റെ തീരുമാനം.
യുഡിഎഫ് സര്‍ക്കാരിന്റെ അവസാന നാളുകളിലെ വിവാദ ഉത്തരവുകള്‍ സംബന്ധിച്ച ഫയലുകള്‍ വിജിലന്‍സ് ഏറ്റെടുക്കുന്നതോടെ അന്വേഷണത്തിന്റെ മുന നീളുന്നത് അടൂര്‍ പ്രകാശിലേക്കാണ്. അന്വേഷണത്തിനായുള്ള നടപടി ക്രമങ്ങള്‍ മാത്രമാണ് നിലവില്‍ അവശേഷിക്കുന്നത്. അതിനുശേഷം അടൂര്‍ പ്രകാശിനെതിരെ തുറന്ന പോരിന് ഇറങ്ങാനുള്ള തീരുമാനത്തിലാണ് ജേക്കബ് തോമസ്.
റവന്യൂ വകുപ്പിലെ 47 ഉത്തരവുകള്‍ നിയമവിരുദ്ധമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ നിയമിച്ച മന്ത്രി കെ ബാലന്‍ അധ്യക്ഷനായ മന്ത്രസഭ ഉപസമിതി കണ്ടെത്തിയിട്ടുള്ളത്.
കോട്ടയം കുമരകം മെത്രാന്‍കായല്‍ നികത്തല്‍, നെല്ലിയാമ്പതി കരുണ എസ്റ്റേറ്റില്‍നിന്ന് കരം സ്വീകരിക്കാന്‍ അനുമതി നല്‍കിയ നടപടി, സന്തോഷ് മാധവന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്കായി ഭൂമി തിരിച്ചുനല്‍കി ഉത്തരവിറക്കിയത്, ചെമ്പില്‍ തണ്ണീര്‍ത്തടം ഉള്‍പ്പെടെയുള്ളവ നികത്താന്‍ അനുമതി നല്‍കിയത്, ഇടുക്കി ഹോപ് പ്‌ളാന്റേഷന് ഭൂമി നല്‍കിയത്, കടമക്കുടിയില്‍ മള്‍ട്ടി നാഷണല്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിക്കെന്നപേരില്‍ 47 ഏക്കര്‍ നെല്‍വയല്‍ നികത്തല്‍ എന്നീ വിവാദ തീരുമനങ്ങളിലാണ് വിജിലന്‍സ് ഡയറക്‍ടര്‍ അന്വേഷണം നടത്താന്‍ ഒരുങ്ങുന്നത്.
റവന്യു വകുപ്പുകളിലെ വിവാദ ഉത്തരവുകളില്‍ പലതും ചട്ടങ്ങള്‍ പാലിക്കാതെയാണ് ഇറക്കിയതെന്നും മന്ത്രിസഭ ഉപസമിതിയുടെ പരിശോധനയില്‍ വ്യക്തമായി. ചട്ടലംഘനം നടന്ന ഫയലുകള്‍ സംബന്ധിച്ച് വകുപ്പ് മേധാവികളെ വിളിച്ചുവരുത്തി വിശദീകരണം തേടിയെങ്കിലും ഉത്തരവിറക്കിയതിനെക്കുറിച്ച് പലര്‍ക്കും കൃത്യമായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ അടൂര്‍ പ്രകാശിന്റെ കാര്യത്തില്‍ സാഹചര്യം ഗുരുതരമാകുന്നത്.
യുഡിഎഫ് സര്‍ക്കാരിനെതിരെ കടുത്ത തീരുമാനങ്ങള്‍ എടുത്തതിനെ തുടര്‍ന്ന് സ്ഥാനം തെറിച്ച ജേക്കബ് തോമസ് കൊതിച്ച സ്ഥാനമാണ് എല്‍ ഡി എഫ് അധികാരത്തിലെത്തിയപ്പോള്‍ ലഭിച്ചത്. പിന്നാലെ മുന്‍ സര്‍ക്കാരിന്റെ വിവാദ തീരുമനങ്ങളിലും ആരോപണങ്ങളിലും വിജിലന്‍സ് അന്വേഷണം ആരംഭിക്കുകയും ചെയ്‌തിരുന്നു.
ബാര്‍കോഴ കേസില്‍ കോണ്‍ഗ്രസിലെ ശക്തനായ കെ ബാബുവിനെതിരെയും കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെഎം മാണിക്കെതിരെയും അന്വേഷണം പ്രഖ്യാപിക്കുകയും നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍ സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങള്‍ സ്വീകരിച്ച അടൂര്‍ പ്രകാശിനെതിരെ വിജലന്‍സിന്റെ ചുവപ്പ് കാര്‍ഡ് തെളിയുന്നത്.