മന്ത്രി അടൂര്‍ പ്രകാശിന് നേരെ ഡിവൈഎഫ്‌ഐയുടെ കരിങ്കൊടി

Webdunia
വെള്ളി, 19 ജൂണ്‍ 2015 (13:15 IST)
ജില്ലയിലെ കര്‍ഷകമേളയില്‍ പങ്കെടുക്കാന്‍ എത്തിയ റവന്യൂമന്ത്രി അടൂര്‍ പ്രകാശിന് നേരെ ഡി വൈ എഫ് ഐ കരിങ്കൊടി കാണിച്ചു. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിയയ്ക്ക് പണം നല്കിയതിനാണ് ഡി വൈ എഫ് ഐ കരിങ്കൊടി കാണിച്ചത്.
 
അടൂര്‍ പ്രകാശ് അടക്കമുള്ള മന്ത്രിമാര്‍ സരിതയ്ക്ക് പണം നല്കിയതായി സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണന്‍ പറയുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു വാര്‍ത്താചാനല്‍ പുറത്തു വിട്ടിരുന്നു.
 
മന്ത്രിക്കു നേരെ കരിങ്കൊടി വീശിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഗോബാക്ക് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. രാവിലെ 11 മണിക്കായിരുന്നു സംഭവം. മന്ത്രി ഉദ്ഘാടനപ്രസംഗം തുടങ്ങുന്നതിന് മുമ്പായി വേദിക്ക് സമീപത്തെത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശുകയായിരുന്നു.
 
പ്രതിഷേധക്കാരെ തടയാന്‍ പൊലീസ് സ്ഥലത്തില്ലായിരുന്നു. കാല്‍ മണിക്കൂറോളം പ്രതിഷേധക്കാര്‍ മന്ത്രിയെ പ്രസംഗിക്കാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് പൊലീസ് എത്തി പ്രവര്‍ത്തകരെ പുറത്താക്കുകയായിരുന്നു.