നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കൈപിഴകൾ സംഭവിച്ചാൽ അതിന്റെയെല്ലാം പൂർണ ഉത്തരവാദിത്വം റവന്യു മന്ത്രി അടൂർ പ്രകാശനായിരിക്കുമെന്ന രൂക്ഷ വിമർശനമടങ്ങിയ റിപ്പോർട്ട് കെ പി സി സി അധ്യക്ഷൻ വി എം സുധീരൻ ഹൈക്കമാൻഡിന് അയച്ചു. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നൽകിയ കത്ത് ഹൈക്കമാൻഡ് പരിഗണിച്ചാൽ ഇത്തവണ അടൂർ പ്രകാശനു കോന്നിയിൽ സീറ്റ് ലഭിക്കാൻ സാധ്യത കുറവാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
മന്ത്രി അടൂർ പ്രകാശന് എസ് എൻ ഡി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായുള്ള ബന്ധവും വിശദമായി കത്തിൽ പറയുന്നുണ്ട്. വെള്ളാപ്പള്ളിക്ക് ബി ജെ പിയുമായി ബന്ധമുണ്ടെന്നും കത്തിൽ സൂചിപ്പിക്കുന്നു. എൻ ഡി എയിലേക്ക് കൂറുമാറിയ വെള്ളാപ്പള്ളിയുടെ പുതിയ പാർട്ടി യു ഡി എഫിന്റെ തകർച്ചക്കായിട്ടാണ് പ്രവർത്തിക്കുന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ബിജു രമേശനും അടൂർ പ്രകാശനും കുടുംബപരമായി ബന്ധമുണ്ടെന്നും ബാർ കോഴ കേസിലെ ബിജു രമേശന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നിലും അടൂർ പ്രകാശനാണെന്നും കത്തിൽ സൂചിപ്പിക്കുന്നു. യുവസ്ഥാനാർഥികളെയാണ് സമൂഹം പ്രതീക്ഷിക്കുന്നതെന്നും മത്സരിക്കാൻ അവസരം ലഭിക്കാത്തവർക്കും സീറ്റ് വിട്ടു നൽകണമെന്നാണ് കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.