വിശപ്പിനെ കൊല്ലേണ്ടതിന് വിശക്കുന്നവനെ കൊല്ലുന്നു: ജയസൂര്യ

വെള്ളി, 23 ഫെബ്രുവരി 2018 (20:33 IST)
ആദിവാസി യുവാവ് മധുവിന്‍റെ കൊലപാതകത്തില്‍ വ്യാപക പ്രതിഷേധം. കൊല്ലപ്പെട്ടത് തന്‍റെ അനുജനാണെന്നാണ് മമ്മൂട്ടി പ്രതികരിച്ചത്. സിനിമാ-സാംസ്കാരിക ലോകത്തുനിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിശപ്പിനെ കൊല്ലേണ്ടതിന് വിശക്കുന്നവനെ കൊല്ലുന്ന നാടായി കേരളം മാറുന്നു എന്ന് ജയസൂര്യ പ്രതികരിച്ചു.
 
ജയസൂര്യയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം ചുവടെ:
 
മധു... അത്... "നീയാണ്" അത്... "ഞാനാണ്". മധുവില്‍ നിന്നും നമ്മളിലേക്ക് വെറും ഒരു വിശപ്പിന്റെ ദൂരം മാത്രം.. വിശപ്പിനെ, കൊല്ലേണ്ടതിന് വിശന്നവനെ കൊല്ലുന്ന ലോകത്തേക്ക് നമ്മുടെ നാടെത്തിയതില്‍ ഞാനും ലജ്ജിക്കുന്നു....വേദനിക്കുന്നു...
 
എത്രയും പെട്ടന്ന് ഇതിനൊരു ശക്തമായി നടപടി ഉണ്ടാകുമെന്ന് അടിയുറച്ച് ഞാന്‍ വിശ്വസിക്കുന്നു...
 
ടോവിനോ തോമസിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം ചുവടെ:
 
അന്ന് പറഞ്ഞത് തന്നെയാണ് ഇന്നും പറയാനുള്ളത്. വിശന്നു വലഞ്ഞു ഭക്ഷണം മോഷ്ടിച്ചവന്‍ ആണിവിടെ കൊടും കുറ്റവാളി. കോടികള്‍ മോഷ്ടിച്ച ആളുകളൊക്ക സുഖമായി ജീവിക്കുന്നു. പണമില്ലാത്ത, അധികാരം ഇല്ലാത്ത, പിടിപാടില്ലാത്ത, ആരോഗ്യമില്ലാത്ത, പാവങ്ങളെ തല്ലിക്കൊല്ലാനും നീതി നടപ്പാക്കാനും ഇവിടെ ഒരുപാട് ആളുകളുണ്ട്. ഇതെല്ലാം ഉള്ളവന്‍ എന്ത് ചെയ്താലും ആരും ചോദിക്കാനില്ല! ഓരോരുത്തര്‍ക്കും ഓരോ നീതി. സൂപ്പര്‍ !!
 
ഇതിനി ആരും രാഷ്ട്രീയവത്കരിക്കാന്‍ നില്‍ക്കേണ്ട. എല്ലാരും കണക്കാ. ഞാനും നിങ്ങളും എല്ലാ പാര്‍ട്ടികളും എല്ലാ മതങ്ങളും ഗവണ്മെന്റും ടോട്ടല്‍ സിസ്റ്റവും ഒക്കെ കണക്കാ. ഇതിനേക്കാളൊക്കെ മുകളിലാണ് മനുഷ്യനെന്നും സഹജീവികളോടുള്ള സ്നേഹമെന്നും തിരിച്ചറിയുന്നത് വരെ ഒന്നും നേരെയാവില്ല. ശ്രീ മാർക്കണ്ഡേയ കട്ജു പറഞ്ഞതുപോലെ ഇതിന്റെ അവസാനം ഒരു revolution ആയിരിക്കും !!

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍