എഡിജിപി സന്ധ്യ ജസ്റ്റിസ് കട്ജുവിനെ കാണേണ്ട ആവശ്യമില്ലായിരുന്നു, സ്വന്തം നിലയില്‍ തീരുമാനമെടുത്തത് ശരിയായില്ലെന്ന് എ ജി

ഞായര്‍, 23 ഒക്‌ടോബര്‍ 2016 (13:12 IST)
എഡിജിപി ബി. സന്ധ്യ ജസ്റ്റിസ് കട്ജുവിന്റെ ഡല്‍ഹിയിലെ വസതിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത് ശരിയല്ലെന്ന് അഡ്വക്കേറ്റ് ജനറൽ സി പി സുധാകര പ്രസാദ്. സര്‍ക്കാര്‍ അറിയാതെയാണ് കൂടിക്കാഴ്ച നടന്നത്. നിര്‍ണായക കേസായതിനാല്‍ സ്വന്തം നിലയില്‍ തീരുമാനമെടുത്തത് ശരിയായില്ലെന്നും എ ജി പറഞ്ഞു. 
 
ബി സന്ധ്യയുടെ സന്ദർശനം ഇപ്പോള്‍ വര്‍ത്തമാനത്തിന് ഇടയാക്കിയെന്നും അതിന്റെ ആവശ്യമില്ലായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. കേസ് നടത്താന്‍ സര്‍ക്കാര്‍ അറ്റോര്‍ണി ജനറലിനെ നിയോഗിച്ചിട്ടുണ്ട്. പിന്നെ ഒരു റിട്ടയേര്‍ഡ് ജഡ്ജിയുടെ അടുത്ത് പോകേണ്ട കാര്യമില്ല എന്നും എ ജി വ്യക്തമാക്കി.
 
സുപ്രീം കോടതിയിൽ സംസ്‌ഥാന സർക്കാരിനുള്ള സ്‌റ്റാൻഡിങ് കൗൺസൽമാരെ ഒഴിവാക്കി തിങ്കളാഴ്ച വൈകിട്ടായിരുന്നു എ ഡി ജി പിയുടെ കൂടിക്കാഴ്ച. കോടതിയിൽ കേസ് നടപടികൾ കഴിഞ്ഞതിനു ശേഷമായിരുന്നു സന്ധ്യയുടെ സന്ദർശനം. ജസ്‌റ്റിസ് കട്‌ജു നേരത്തെ സംസ്‌ഥാന സർക്കാരിനു നിയമോപദേശം വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാൽ, സൗമ്യ കേസിൽ കോടതിവിധിക്കെതിരെ വിവാദ പരാമർശം നടത്തിയ ജസ്‌റ്റിസ് കട്‌ജുവിന്റെ ഉപദേശം തേടുന്നത് അനുചിതമാവുമെന്നും അറ്റോർണി ജനറലിനെ സമീപിക്കാമെന്നുമാണു സർക്കാരിന്റെ നിയമോപദേശകർ നിലപാടെടുത്തത്.
 
സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയെ കൊലക്കുറ്റത്തില്‍നിന്ന് ഒഴിവാക്കി വധശിക്ഷ റദ്ദാക്കിയ വിധി തെറ്റാണെന്ന നിലപാടു കോടതിയില്‍ നേരിട്ടു ഹാജരായി വിശദീകരിക്കാന്‍ കട്ജുവിനോട് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.
 
സന്ധ്യ സ്‌റ്റാൻഡിങ് കൗൺസൽമാരെ ഒഴിവാക്കി കട്‌ജുവിനെ സന്ദർശിക്കാൻ തീരുമാനിച്ചതിന്റെ കാരണം വ്യക്‌തമല്ല. കേസില്‍ നിയമസഹായം അഭ്യര്‍ഥിച്ചായിരുന്നു കൂടിക്കാഴ്ചയെന്ന് അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും കാരണം വ്യക്തമല്ല. നിയമമന്ത്രിക്ക് അനൗദ്യോഗികമായി ഉപദേശം നൽകുന്ന ദീപക് പ്രകാശിന്റെ അഭിപ്രായം സ്വീകരിച്ചാണു നടപടിയെന്ന് ആരോപണമുയർന്നിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക