ദിലീപ് രക്ഷപ്പെടും, കാരണങ്ങള്‍ ഇതാണ്; കുരുക്ക് മുറുക്കാനൊരുങ്ങി പൊലീസ് - വീണ്ടും ചോദ്യാവലി തയാറാക്കുന്നു
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ദിലീപിനെയും നാദിർഷായേയും ചോദ്യം ചെയ്യാൻ അന്വേഷണസംഘം വീണ്ടും ചോദ്യാവലി തയാറാക്കുന്നു.
കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ജയിലിൽ നിന്നും നാദിർഷായേയും ദിലീപിന്റെ മാനേജരായ അപ്പുണ്ണിയേയും ഫോണില്‍ വിളിച്ചതായി കണ്ടെത്തിയിരുന്നു. ഫോണ്‍ സംഭാഷണത്തില്‍ നിന്നും ഇരുവരുമായി സുനിക്കുള്ള ബന്ധത്തിന്റെ ശക്തമായ തെളിവുകള്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. ഇതിനേത്തുടര്‍ന്നാണ് വീണ്ടും ചോദ്യാവലി തയാറാക്കുന്നത്.
സുനി ഇവരുമായി എന്തൊക്കെയാണ് സംസാരിച്ചതെന്ന് അറിയുന്നതിനാണ് തുടർ ചോദ്യം ചെയ്യൽ. ആരോപണവിധേയനായ ദിലീപിനെ പ്രതിയാക്കാനുള്ള തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. രണ്ടാം ഘട്ട ചോദ്യം ചെയ്യലില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് പൊലീസിന്റെ നിഗമനം.
120 ചോദ്യങ്ങളാണ് ദിലീപിനോടും നാദിര്ഷയോടും ആദ്യ ഘട്ടത്തില്‍ അന്വേഷണസംഘം ചോദിച്ചത്. കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപാണ് ഈ ചോദ്യങ്ങള്‍ തയാറാക്കിയത്.