ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി, വെള്ളി വരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി

ചൊവ്വ, 11 ജനുവരി 2022 (16:57 IST)
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതികളായ നടൻ ദിലീപ്, സഹോദരൻ പി.ശിവകുമാർ (അനൂപ്), സഹോദരി ഭർത്താവ് ടി.എൻ.സൂരജ് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്‌ചത്തേക്ക് മാറ്റി. 
 
വിഷയത്തിൽ കോടതി സർക്കാരിന്റെ നിലപാട് തേടി. അതേസമയം ഗൂഡാലോചന കേസിന് പിന്നിൽ ദുരുദ്ദേശമാണെന്നും കേസിന്റെ വിചാരണ നീട്ടി കൊണ്ടുപോകാനാണ് പുതിയ ആരോപണവുമായി വരുന്നതെന്നും ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു. ജാമ്യാപേക്ഷയിൽ നിലപാട് അറിയിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ട കോടതി വെള്ളിയാഴ്‌ച വരെ അറസ്റ്റ് നടപടികളിലേക്ക് കടക്കരുതെന്ന് വാക്കാൽ നിർദേശം നൽകി.
 
അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ താൻ പരാതി നൽകിയതിന്റെ പ്രതികാര നടപടിയായാണ് തനിക്കെതിരെ കേസെടുത്തതെന്നാണ് ദിലീപിന്റെ വാദം. കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ.എസ്.സുദർശൻ എന്നിവരടക്കമുള്ളവരെ അപായപ്പെടുത്താൻ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിനു ദൃക്സാക്ഷിയാണെന്നു സംവിധായകൻ ബാലചന്ദ്രകുമാർ മൊഴി നൽകിയിരുന്നു.
 
സംഭാഷണങ്ങളുടെ റിക്കോർ‍ഡ് ചെയ്ത ശബ്ദരേഖയും ബാലചന്ദ്രകുമാർ കൈമാറിയിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെയും ശബ്ദരേഖയുടെയും അടിസ്ഥാനത്തിലായിരുന്നു ദിലീപിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ക്രൈംബ്രാഞ്ച് കേസെടുത്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍