നിങ്ങൾക്ക് തിരുത്തേണ്ടി വരും, പക്ഷേ ഈ മുറിവ് ഒരിക്കലും പരിഹരിക്കപ്പെടുന്നില്ല: കാവ്യ മാധവൻ

വ്യാഴം, 6 ജൂലൈ 2017 (14:53 IST)
തനിക്കും കുടുംബത്തിനും നേരെയുള്ള ആരോപണങ്ങൾക്ക് മറുപടിയുമായി നടി കാവ്യ മാധവൻ. എക്പ്രസ് കേരള എന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കാവ്യ തന്റെ ആദ്യ പ്രതികരണം അറിയിച്ചത്. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് കാവ്യയുടെ ഉടമസ്ഥതയിലുള്ള ഓൺലൈൻ വസ്ത്ര വ്യാപാര കേന്ദ്രത്തിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലിൽ പുറത്ത് വന്നിട്ടുള്ള വാർത്തകളോട് പ്രതികരിക്കുകയായിരുന്നു കാവ്യ.
 
താന്‍ പറഞ്ഞ കഥ വിശ്വസിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത് കണ്ട് ജയിലിലിരുന്ന് സാക്ഷാല്‍ പള്‍സര്‍ സുനി പോലും ഒരു പക്ഷേ ഇപ്പോള്‍ ചിരിക്കുന്നുണ്ടാകുമെന്ന് കാവ്യ പറയുന്നു‍. ഒരു പ്രതി പറയുന്ന വാക്കുകള്‍ക്കാണ് മാധ്യമങ്ങൾ വില കൽപ്പിക്കുന്നതെന്നും കുട്ടിക്കാലം മുതൽക്കേ അറിയാവുന്ന തങ്ങളുടെ കുടുംബത്തെ മാധ്യമങ്ങൾ വേട്ടയാടുകയാണെന്നും കാവ്യ വ്യക്തമാക്കുന്നു.
 
കേസുമായി ബന്ധപ്പെട്ട് സത്യം നാളെ പുറത്ത് വരുമെന്നും അന്ന് താനടക്കമുള്ളവർ നിരപരാധിയാണെന്ന് ബോധ്യമാകുമെന്നും നടി പറയുന്നു. അതോടൊപ്പം, അന്ന് വാർത്തകൾ തിരുത്തുന്നത് കൊണ്ട് മാത്രം പരിഹരിക്കപ്പെടുന്നതല്ല മാധ്യമങ്ങള്‍ ഇപ്പോള്‍ ഉണ്ടാക്കിയ മുറിവെന്നും അവര്‍ ചൂണ്ടിക്കാട്ടി. മാധ്യമങ്ങളിലും മാധ്യമ പ്രവര്‍ത്തകരിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും കാവ്യ വ്യക്തമാക്കുന്നു.
 
ഒന്നും ഒളിച്ചുവയ്ക്കാനില്ലാത്തത് കൊണ്ടാണ് പൊലീസ് വന്ന് ചോദിച്ചപ്പോൾ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് വരെ സന്തോഷത്തോടെ പൊലീസിന് നല്‍കിയതെന്നും കാവ്യ അഭിമുഖത്തിൽ പറയുന്നു. വീട്ടില്‍ കിടന്നുറങ്ങുന്ന താന്‍ ഒളിവിലാണെന്നു വരെ പ്രചരണമുണ്ടായി. ഇതെല്ലാം എന്തിന് വേണ്ടിയാണെന്ന് മനസ്സിലാകുന്നില്ലന്ന് കാവ്യയുടെ പിതാവ് മാധവന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക