‘അത് കൊലപാതകമാണ്’ - അന്ന് തിലകന്‍ പറഞ്ഞു; ഇന്ന് ഫയല്‍ കാണുന്നില്ലെന്ന് പൊലീസും!

വെള്ളി, 14 ജൂലൈ 2017 (08:13 IST)
നടന്‍ ശ്രീനാഥിന്റെ മരണവുമായി ബന്ധപ്പെട്ടുളള ഫയല്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും കാണാതായതായി റിപ്പോര്‍ട്ട്. വിവരാവകാശപ്രകാരം നല്‍കിയ അപേക്ഷയിലാണ് ശ്രീനാഥിന്റെ മരണം സംബന്ധിച്ചുളള രേഖകള്‍ ഇപ്പോള്‍ കാണുന്നില്ലെന്ന് പൊലീസ് അറിയിച്ചിരിക്കുന്നത്. അന്വേഷിച്ച് കണ്ടെത്തുന്നതനുസരിച്ച് നല്‍കാമെന്നുമാണ് പൊലീസ് നല്‍കിയത്. 
 
2010 മേയിലായിരുന്നു ശ്രീനാഥ് മരണപ്പെടുന്നത്. പത്മകുമാര്‍ സംവിധാനം ചെയ്ത ശിക്കാര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയപ്പോഴായിരുന്നു ദുരൂഹമരണം സംഭവിക്കുന്നത്. കോതമംഗലത്തെ മരിയ ഹോട്ടല്‍ മുറിയില്‍ ഞരമ്പുമുറിച്ച് രക്തംവാര്‍ന്ന് മരിച്ചനിലയിലാണ് ശ്രീനാഥിനെ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയില്ലെന്നും വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് മരിച്ചതെന്നുമായിരുന്നു അന്ന് പൊലീസ് പറഞ്ഞത്. 
 
ശ്രീനാഥ് ജീവനൊടുക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് വീട്ടുകാര്‍ പറഞ്ഞെങ്കിലും കേസ് നാലുമാസംകൊണ്ട് അവസാനിച്ചു. എന്നാല്‍ ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന് നടന്‍ തിലകന്‍ ആരോപിച്ചിരുന്നു. താരസംഘടനയായ അമ്മയില്‍ അംഗമല്ലാതിരുന്നതിനാല്‍ ശ്രീനാഥിന് സിനിമയില്‍ റോള്‍ കിട്ടിയില്ലെന്ന് അന്ന് ആരോപണമുണ്ടായിരുന്നു. 

വെബ്ദുനിയ വായിക്കുക