നടിയെ ഉപദ്രവിച്ച കേസ് അന്വേഷിക്കാന്‍ സിബിഐ എത്തുമോ ?; ഹൈക്കോടതിയില്‍ ഹര്‍ജി
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കറുകച്ചാല്‍ സ്വദേശി റോയി മാമന്‍ എന്ന വ്യക്തിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
കേസിന്റെ ഗൂഢാലോചനയടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം നിര്‍ണായ ഘട്ടത്തില്‍ എത്തി നില്‍ക്കവെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ഏറ്റുവാങ്ങേണ്ടിവന്നു. നടനും സംവിധായകനും ദിലീപിന്‍റെ സുഹൃത്തുമായ നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി അന്വേഷണസംഘത്തെ വിമർശിച്ചത്.
കേസിലെ അന്വേഷണം സിനിമാ തിരക്കഥപോലെയാണോ എന്നും ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോ പൊലീസ് എന്നും ചോദിച്ചു. ഇത് ആരെയെങ്കിലും തൃപ്തിപെടുത്തുന്നതിന് വേണ്ടിയാണോ എന്ന് ചോദിച്ച കോടതി മുഖ്യപ്രതി പള്‍സര്‍ സുനിയെ ചോദ്യം ചെയ്യുന്നത് വാർത്തകൾ സൃഷ്ടിക്കാനാണോ എന്ന സംശയം പ്രകടിപ്പിച്ചു.