കൊല്ലം ജില്ലയിൽ വാഹനാപകടങ്ങളിൽ മൂന്നു മരണം
കൊല്ലം: ചാത്തന്നൂർ മീനാട് ഹോളോ ബ്രിക്സ് നിർമ്മാണ യൂണിറ്റിൽ മെറ്റൽ ഇറക്കുന്നതിനിടെ കഴിഞ്ഞ ദിവസം വെളുപ്പിന് ടോറസ് ലോറി മറിഞ്ഞു ലോറി ക്ളീനർ കന്യാകുമാരി സ്വദേശി വിജിൻ (25) എന്നയാൾ മരിച്ചു. മെറ്റൽ ഇറക്കാൻ ലോറിയുടെ പിൻഭാഗം ഉയർത്തിയപ്പോൾ വശത്തേക്ക് മറിയുകയായിരുന്നു. അരുകിൽ നിൽക്കുകയായിരുന്ന വിജിൻ കാൽ തട്ടി നിലത്തു വീഴുകയും ലോറി മുകളിലേക്ക് മറിയുകയും ചെയ്തു. ഒന്നര മണിക്കൂറിനു ശേഷമാണ് വിജിന്റെ മൃതദേഹം പുറത്തെടുക്കാനായത്. പരുക്കേറ്റ ലോറി ഡ്രൈവർ എഡ്വിൻ ജോസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിനൊപ്പം എം.സി റോഡിൽ മൈലത്താണ് മറ്റൊരു ലോറി അപകടം നടന്നത്. തമിഴ്‌നാട്ടിൽ നിന്ന് കൊട്ടാരക്കര വഴി അടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന പാഴ്‌സൽ ലോറി റോഡരുകിൽ നിർത്തിയിട്ടിരുന്ന സിമന്റ് ലോറിക്ക് പിന്നിൽ പിടിച്ചപ്പോൾ പാഴ്‌സൽ ലോറിയുടെ ക്ളീനർ തെങ്കാശി ചെങ്കോട്ട അറുമുഖൻ സ്വാമി (25) മരിച്ചു.
ഇത് കൂടാതെ കഴിഞ്ഞ ദിവസം രാവിലെ ഒമ്പതരയോടെ കുമ്മിൾ പഞ്ചായത്തിൽ നടന്ന മറ്റൊരു ലോറി അപകടത്തിൽ അഞ്ചൽ കരുകോണിലെ ബാഷാ ഇബ്രാഹിം എന്ന 33 കാരൻ രണ്ട് ലോറികൾക്കിടയിൽ പെട്ട് ചതഞ്ഞു മരിച്ചു.