പൊലീസുകാരനെ കുത്തികൊലപ്പെടുത്തിയ കേസ്; ആട് ആന്റണി കുറ്റക്കാരനെന്ന് കോടതി

Webdunia
ബുധന്‍, 20 ജൂലൈ 2016 (11:21 IST)
കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണി കുറ്റക്കാരനെന്ന് കോടതി. പൊലീസുകാരനായ മണിയൻ പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് ആന്റണി കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. കൊല്ലം പ്രിൻസിപ്പൽ സെഷൻ കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷാവിധി മറ്റന്നാൾ നൽകും. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദം.
 
വിധിയിൽ തൃപ്തികരമെന്ന് കൊല്ലപ്പെട്ട മണിയൻ പിള്ളയുടെ ഭാര്യ വ്യക്തമാക്കി. പരമാവധി ശിക്ഷ നൽകണമെന്നും അവർ അറിയിച്ചു. ആറ് വകുപ്പുകൾ പ്രകാരമാണ് ആന്റണിക്കെതിരെ കുറ്റം ചുമത്തിയിരുന്നത്. കൊലപാതക ശ്രമം, വ്യാജ രേഖ ഔദ്യോഗിക രേഖയാണെന്ന് വ്യാഖ്യാനിക്കുക, പൊലീസുകാരനെ ആക്രമിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ആന്റണി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. 
 
2012 ജൂണ്‍ 26 നായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലം പാരിപ്പള്ളിയില്‍ മോഷണം നടത്തിയ ശേഷം വാനില്‍ വന്ന ആട് ആന്റണിയെ ഗ്രേഡ് എസ്‌ഐ ജോയി പൊലീസ് ഡ്രൈവര്‍ മണിയന്‍പിള്ള എന്നിവര്‍ ചേര്‍ന്ന് തടഞ്ഞു. വാനില്‍ ഉണ്ടായിരുന്ന കമ്പിപ്പാര എടുത്ത് ആന്റണി എസ്‌ഐ ജോയിയേയും പൊലീസ് ഡ്രൈവര്‍ മണിയന്‍പിള്ളയെയും കുത്തി. മണിയന്‍പിള്ള കുത്തേറ്റ് തല്‍ക്ഷണം മരിച്ചു. എസ്‌ഐ ജോയി പരുക്കുകളോടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പൊലീസ് പിന്‍തുടര്‍ന്നതിനെത്തുടര്‍ന്ന് വാന്‍ ഉപേക്ഷിച്ച് കടന്ന ആന്റണിയെ പിന്നെ പിടികൂടിയത് മൂന്നരവര്‍ഷത്തിന് ശേഷമായിരുന്നു. വാനിലെ വിരലടയാളവും രക്തക്കറയുമാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.
 
Next Article