RSS പരിപാടിയില്‍ ആര്യാ‍ടനും CPM നേതാവും!

ചൊവ്വ, 25 ജനുവരി 2011 (18:46 IST)
PRO
കോണ്‍ഗ്രസിന് ആര്‍ എസ് എസുമായുള്ള ബന്ധം മറനീക്കി പുറത്തുവരുന്നു. മലപ്പുറം ജില്ലയിലെ ചുങ്കത്തറയില്‍ ആര്യാടന്‍ മുഹമ്മദ് എം എല്‍ എ ആണ് ആര്‍ എസ് എസ് പരിപാടിയില്‍ സംബന്ധിച്ചത്. ആര്‍ എസ് എസ് നേതൃത്വത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വിശ്വഭാരതി വിദ്യാനികേതന്‍ സ്കൂളിന്‍റെ പുതിയ കെട്ടിട ഉദ്ഘാടന ചടങ്ങിലാണ്‌ ആര്യാടന്‍ മുഹമ്മദ് വിശിഷ്ടാതിഥിയായി എത്തിയത്‌.

അതേസമയം ആര്യാടനെതിരെ പൊതുജനാഭിപ്രായം രൂപപ്പെട്ടു കഴിഞ്ഞു. മുസ്ലീം തീവ്രവാദത്തിനെതിരെ കാലങ്ങളായി യുദ്ധം നടത്തുന്ന ആര്യാടന്‍ ഇത്തരമൊരു നിലപാടിലൂടെ തന്‍റെ ഇരട്ടത്താപ് നയം വെളിപ്പെടുത്തി കഴിഞ്ഞെന്നാണ് ഇവിടുത്ത ജനങ്ങള്‍ പറയുന്നത്.

അസീമാനന്ദ സ്വാമിയുടെ വെളിപ്പെടുത്തലിലൂടെ ആര്‍ എസ്‌ എസ്‌ മുഖം കൂടുതല്‍ ഭീകരമായി വെളിപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ആര്‍ എസ് എസിന്‍റെ നേതൃത്വത്തിലുള്ള സ്കൂളിന്‍റെ കെട്ടിട ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ആര്യാടനും കൂട്ടരുമെത്തിയത് എന്നതാണ് വിവാദമായിരിക്കുന്നത്.

പത്ര-ദൃശ്യ മാധ്യമങ്ങളില്‍ കടുത്ത വര്‍ഗീയവാദികളെപ്പോലും കടത്തിവെട്ടുന്ന രീതിയിലാണ് ആര്യാടന്‍ മുഹമ്മദ് മുസ്ലീം ഭീകരവാദത്തിനെതിരെ സംസാരിച്ചിരുന്നത്. ആര്‍ എസ് എസുമായുള്ള ആര്യാടന്‍റെ ബന്ധം മുമ്പും വിവാദമായിട്ടുണ്ട്.

1992 ഡിസംബര്‍ ഏഴിന്‌ എളങ്കൂര്‍ സ്വദേശിയെ പാലുണ്ടയില്‍ വച്ച്‌ മൃഗീയമായി കൊലപ്പെടുത്തിയ സംഭവം, കരുളായി ബോംബ്‌ സ്ഫോടനം തുടങ്ങി നിരവധി വര്‍ഗീയ- വിധ്വംസക പ്രവര്‍ത്തനങ്ങള്‍ തന്‍റെ മണ്ഡലത്തില്‍ തന്നെ നടന്നിട്ടുണ്ടെങ്കിലും ആര്‍ എസ് എസിനെതിരെ ശബ്ദിക്കാന്‍ ആര്യാടന്‍ തയ്യാറായിട്ടില്ല. ഇതിനുള്ള നന്ദിയായി തെരഞ്ഞെടുപ്പില്‍ ബി ജെ പി വോട്ടു മുഴുവന്‍ ആര്യാടനു നല്കുകയാണ് പതിവ്. ഇത്തവണയും ഇതിന് മാറ്റമുണ്ടാകില്ല. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ആര്യാടന്‍റെ ഇത്തവണത്തെ സന്ദര്‍ശനം.

ആര്യാടനൊപ്പം, ജില്ലാ പഞ്ചായത്തംഗം എം എ റസാഖ്‌, പഞ്ചായത്ത്‌ പ്രസിഡന്‍റ് സി ഡി സെബാസ്റ്റ്യന്‍, സി പി എം നേതാവും മുന്‍ പഞ്ചായത്ത്‌ പ്രസിഡന്‍റുമായ വി എസ്‌ ഓമന ഉള്‍പ്പെടെയുള്ളവരുടെ പരിപാടിയിലെ പങ്കാളിത്തവും ചര്‍ച്ചയായിട്ടുണ്ട്‌. ഓമനയുടെ പങ്കാളിത്തം ഇതിനകം തന്നെ പാര്‍ട്ടിയില്‍ വിവാദമായി കഴിഞ്ഞു. അതേസമയം, ഒരു വിഭാഗം സി പി എം നേതാക്കള്‍ ഇവിടെയുള്ള ആര്‍ എസ് എസുമായി അടുത്ത ബന്ധം സൂക്ഷിക്കാറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെബ്ദുനിയ വായിക്കുക