എസ്എന്‍ഡിപിയും എന്‍എസ്എസും ബിജെപിക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചെന്ന വാര്‍ത്ത തെറ്റാണെന്നും എവിടെ നിന്നാണ് ഇത്തരത്തിലുള്ള വാര്‍ത്ത വന്നതെന്ന് അറിയില്ലെന്നും ബിജെപി നേതാവ് സുഷമ സ്വരാജ്. ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ സുഷമ കോഴിക്കോട് വച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
“എസ്എന്‍ഡിപിയും എന്‍എസ്എസും ബിജെപിക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചെന്ന വാര്‍ത്ത തെറ്റാണ്. ആരാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുന്നതെന്ന് അറിയില്ല. ഇരു സംഘടനകളുമായി ബിജെപി ബന്ധപ്പെട്ടിട്ടുണ്ട് എന്ന കാര്യം മാത്രമാണ് സത്യം. എന്നാല്‍ അവരുമായി ബന്ധപ്പെട്ടിട്ടേയുള്ളൂ എന്നും എല്ലാവരും ഓര്‍ക്കണം. പിന്തുണ അപേക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ഒരു സംഘടനകളും പ്രതികരിച്ചിട്ടില്ല.”
“എസ്എന്‍ഡിപിയും എന്‍എസ്എസിനെയും ചതിയില്‍ ആക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പരാമര്‍ശം ഉചിതമല്ല. ആരെങ്കിലുമായി ചര്‍ച്ച നടത്തിയാല്‍ അവരെ ചതിയില്‍ പെടുത്താനാകില്ല. പിണറായിയുടെ ഈ പ്രസ്താവന ദുരുദ്ദേശപരമാണ്.”
“ഇത്തവണ അസംബ്ലിയില്‍ ബിജെപി തെറ്റില്ലാത്ത പ്രകടനം കാഴ്ചവയ്ക്കും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. ശക്തമായ പ്രതിപക്ഷം ഉണ്ടാക്കാനാണ് ബിജെപി വോട്ട് ചോദിക്കുന്നത്. അല്ലാതെ ഭരണം പിടിച്ചടക്കാനല്ല.”
“ജമാഅത്തെ ഇസ്‌ലാമിയുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും തനിനിറമാണ് പുറത്താകുന്നത്. ഇത്തരം സംഘടനകളുമായി ആവശ്യമുളളപ്പോള്‍ ബന്ധപ്പെടുക്കയും അല്ലാത്തപ്പോള്‍ തളളിക്കളയുകയും ചെയ്യലാണ് ഇവരുടെ രീതി. ഉല്‍ഫ അടക്കമുളള തീവ്രവാദ സംഘടനകളോട് ഇതെ നിലപാടാണ് ഇവര്‍ക്കുള്ളത്” - സുഷമ പറഞ്ഞു.