കാസർകോട്ട് നിയന്ത്രണങ്ങൾ കർശനമാക്കുന്നു, ജനങ്ങളെ പുറത്തിറങ്ങാൻ അനുവദിക്കില്ല, അവശ്യസാധനങ്ങൾ പോലീസ് എത്തിക്കും

അഭിറാം മനോഹർ

ചൊവ്വ, 31 മാര്‍ച്ച് 2020 (12:40 IST)
കാസർകോട് ജില്ലയിൽ കൊറോണബാധ റിപ്പോർട്ട് ചെയ്‌ത ആറു പ്രദേശങ്ങളും പൂർണമായി പോലീസ് നിയന്ത്രണത്തിൽ. ജില്ലയിൽ കൊറോണ വ്യാപനം വ്യാപകമായതിനെ തുടർന്ന് ഈ പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം.ഇവിടങ്ങളിൽ ജനങ്ങളെ പുറത്തിറങ്ങുവാൻ അനുവദിക്കില്ല.പകരം അവശ്യസാധനങ്ങൾ പോലീസ് വാങ്ങി എത്തിച്ചുനൽകുമെന്ന് ഐ.ജി. വിജയ് സാഖറെ പറഞ്ഞു. പള്ളിക്കര, ഉദുമ, ചെമ്മനാട്, മധുര്‍, മെഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളിലെയും കാസര്‍കോട് നഗരസഭയിലെയും പ്രദേശങ്ങളാണ് പ്രത്യേക നിരീക്ഷണത്തിന് കീഴിലുള്ളത്.
 
ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ 9497935780 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് സന്ദേശമയച്ചാല്‍ മതിയാവും. പേരും ഫോൺനമ്പറും ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റും അയച്ചാൽ പോലീസ് നേരിട്ട് സാധനങ്ങൾ വീട്ടിലെത്തിക്കും. കാറിൽ ഡ്രൈവർ കൂടാതെ ഒരാളെ മാത്രമെ അനുവദിക്കുകയുള്ളു.ട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനെന്ന പേരില്‍ ഒരു വീട്ടില്‍നിന്ന് ഒന്നിലധികം ആളുകള്‍ കൂട്ടമായി പോകുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇനി അത് അനുവദിക്കില്ലെന്നും പോലീസ് പറഞ്ഞു. അത്തരത്തിൽ നിർദേശങ്ങൾ ലംഘിക്കുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍