സംസ്ഥാനത്തേക്ക് കടത്താൻ ശ്രമിച്ച 1200 കിലോ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ

ബുധന്‍, 18 ജനുവരി 2023 (20:43 IST)
കുമളി: ആന്ധ്രാ പ്രദേശിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 1200 കിലോ കഞ്ചാവുമായി മൂന്നു പേർ പിടിയിലായി. തമിഴ്‌നാട് രാമനാഥപുരം സ്വദേശികളായ സെൽവരാജ്, ചിന്നച്ചാമി അബൂബക്കർ എന്നിവരെ തേനിയിൽ വച്ചാണ് തമിഴ്‌നാട് പോലീസ് പിടികൂടിയത്.
 
കഞ്ചാവ് കടത്താൻ ഉപയോഗിച്ച ലോറിയും പിടിച്ചെടുത്തു. പിടികൂടിയ കഞ്ചാവിന് കേരളത്തിൽ 12 കോടി രൂപയിലേറെ വില വരും എന്നാണു പോലീസ് പറയുന്നത്. തമിഴ്‌നാട് സ്‌പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് വ്യാപക പരിശോധന നടത്തിയത്. തേനിയിലെ ആണ്ടിപ്പറ്റി ചെക്പോസ്റ്റിലായിരുന്നു കഞ്ചാവുമായി വന്ന വാഹനം പിടിച്ചത്.
 
ചാക്കുകളിൽ നിറച്ച നിലയിലായിരുന്നു കഞ്ചാവ്. ഇത് കേരളത്തിൽ എത്തിക്കാനാണ് കഞ്ചാവ് കൊണ്ടുപോകാൻ ഏർപ്പാടാക്കിയിരുന്നവർ പറഞ്ഞതെന്നും ഏതു വഴി ഇത് കേരളത്തിലേക്ക് കടത്തണമെന്നു കമ്പത് എത്തുമ്പോൾ അറിയിക്കാമെന്ന് അവർ പറഞ്ഞതായും പ്രതികൾ വെളിപ്പെടുത്തി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍