ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് 14 ദിവസ ക്വാറന്റീൻ, 3 ആർടി‌പി‌സിആർ ടെസ്റ്റുകൾ: അതീവജാഗ്രതയിൽ കേരളം

തിങ്കള്‍, 29 നവം‌ബര്‍ 2021 (15:59 IST)
കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം കണ്ടെത്തിയ രാജ്യങ്ങളിൽ നിന്ന് നാട്ടിലെത്തുന്നവർ 14 ദിവസത്തെ ക്വാറന്റീൻ പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിലവിൽ ആശങ്കപ്പെടേണ്ടതായ സാഹചര്യമില്ല. സംസ്ഥാനത്താകെ പുതിയ വകഭേദം ആർക്കെങ്കിലും ബാധിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് പരിശോധന നടത്തിവരികയാണ്. നിലവിൽ ഇതുമായി ബന്ധപ്പെട്ട് ഒരു കേസ് പോലും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
 
ഒമിക്രോൺ വകഭേദം കണ്ടെത്തിയ രാജ്യങ്ങളിൽ നിന്നെത്തുന്നവർ വിമാനത്താവളങ്ങളിൽ നിർബന്ധമായും ആർടി‌പിആർ പരിശോധനയ്ക്ക് വിധേയമാകണം. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനകവും പരിശോധന നടത്തേണ്ടതാണ്. നാട്ടിൽ എത്തിയ ശേഷം ആദ്യ 7 ദിവസം നിർബന്ധിത ക്വാറന്റീനിൽ തുടരണം. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തുകയും തുടർന്ന് 7 ദിവസം കൂടി ക്വാറന്റീനിൽ തുടരുകയും വേണം.
 
ഒമിക്രോൺ വകഭേദവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നിർദേശമനുസരിച്ചാണ് പ്രവർത്തിക്കുന്നത്. മറ്റ് രാജ്യങ്ങളിൽ നിന്നെത്തുന്നവർ ഏഴ് ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയേണ്ടതാണ്. ഇത്തരത്തിലുള്ളവരിൽ നിന്ന് അഞ്ച് ശതമാനം ആളുകളെ റാൻഡം സാമ്പിളിങിന് വിധേയമാക്കുമെന്നും മ‌‌ന്ത്രി അറിയിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍