കനത്ത പോളിങ് ശതമാനം രേഖപ്പെടുത്തിയതോടെ ഫലം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന അവകാശവാദവുമായി കോഴിക്കോട് ജില്ലയിലെ മുന്നണി നേതാക്കള്‍ രംഗത്തെത്തി. തെരഞ്ഞെടുപ്പില്‍ യു ഡി എഫ് പണം വാരിയെറിയുകയായിരുന്നുവെന്ന് സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്‍ ആരോപിച്ചു. ജില്ലയിലെ 13 സീറ്റും നേടി വ്യക്തമായ മുന്നേറ്റം നേടുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ മറുപടിയുമായി ഡി സി സി പ്രസിഡന്റ് കെസി അബു രംഗത്തെത്തി. കഴിഞ്ഞ തവണത്തേക്കാള്‍ മൂന്ന് സീറ്റ് അധികം നേടി ചരിത്ര നേട്ടം കൈവരിക്കുമെന്ന് അബു പറഞ്ഞു.
എന്നാല്‍ വിജയപ്രതീക്ഷ പുലര്‍ത്തുമ്പോഴും വോട്ടര്‍മാര്‍ എങ്ങനെ ചിന്തിച്ചു എന്ന കാര്യത്തില്‍ നേതാക്കള്‍ക്കിടയില്‍ ഇപ്പോഴും സംശയങ്ങള്‍ നിലനില്‍ക്കുകയാണ്. കഴിഞ്ഞ തവണ ജയിച്ചു കയറിയ തിരുവമ്പാടി നഷ്ടമാകുമെന്ന ഭയം യു ഡി എഫ് ക്യാമ്പിനുണ്ട്. അതേസമയം സിറ്റിങ് സീറ്റുകളില്‍ ചിലത് നഷ്ടമായാലും യു ഡി എഫ് കഴിഞ്ഞ തവണ ജയിച്ച ചില സീറ്റുകള്‍ പിടിച്ചെടുത്ത് മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാം എന്ന കണക്ക്‍കൂട്ടലിലാണ് ഇടതു മുന്നണി.