1094 ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്മാരെ നിയമിക്കും: ആരോഗ്യമന്ത്രി
വെള്ളി, 12 ജൂലൈ 2013 (15:14 IST)
PRO
PRO
കൗമാരക്കാരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന പ്രത്യേക പദ്ധതിയിലേക്ക് സംസ്ഥാനത്ത് 1094 ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സുമാരെ പുതുതായി നിയമിക്കുമെന്ന് ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍ പറഞ്ഞു. ലോകജനസംഖ്യാ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ജനസംഖ്യാസ്ഥിരതാ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഓരോ നവജാതശിശുവിനും ജനിച്ച് 30 ദിവസം വരെ സൗജന്യചികിത്സ നല്‍കുന്ന ജനനി ശിശുസുരക്ഷാകാര്യക്രം പദ്ധതിയുടെ കാലാവധി ഒരു വര്‍ഷം വരെ ദീര്‍ഘിപ്പിച്ചതായും മന്ത്രി പറഞ്ഞു. കൗമാരക്കാര്‍ ഗര്‍ഭിണികളാകുന്നത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം 13000 വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
ചെറുകുടുംബം സന്തുഷ്ടകുടുംബം എന്ന സന്ദേശത്തെ ആസ്പദമാക്കി ജൂലൈ 11 മുതല്‍ 24 വരെ ജനസംഖ്യസ്ഥിരതാ പക്ഷമായി ആചരിക്കും. ജനസംഖ്യാ വര്‍ദ്ധന നിയന്ത്രിച്ച് ആരോഗ്യനിലവാരം വര്‍ദ്ധിപ്പിക്കാന്‍ സമൂഹത്തിലെ എല്ലാ വിഭാഗക്കാരും മുന്നിട്ടിറങ്ങണമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച കെ മുരളീധരന്‍ എംഎല്‍എ പറഞ്ഞു. കൗമാരക്കാരിലെ ഗര്‍ഭധാരണം എന്ന വിഷയത്തെ ആസ്പദമാക്കി തയ്യാറാക്കിയ ലഘുലേഖ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിതാ റസലിന് നല്‍കി മന്ത്രി പ്രകാശനം ചെയ്തു. ജനസംഖ്യ സ്ഥിരതാപക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ പോസ്റ്റര്‍ രചനാമത്സരത്തില്‍ വിജയികളായവര്‍ക്കുളള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.