സ്മാര്‍ട്ട് സിറ്റിയുടെ കാര്യത്തില്‍ ദുബായ് കമ്പനിയായ ടീകോം പറയുന്നിടത്തെല്ലാം സംസ്ഥാന സര്‍ക്കാരിന് ഒപ്പിടാനാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെപ്പോലെ ടീകോമിന്‍റെ സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴടങ്ങാന്‍ തങ്ങളെ കിട്ടില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി. ഇതോടെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും വ്യവസായ മന്ത്രി എളമരം കരീമിനും പിന്നാലെ ടീകോമിനെതിരെ തോമസ് ഐസക്കും നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.
വന്‍കിട പദ്ധതികള്‍ക്കായി ഏറ്റെടുത്ത സ്ഥലങ്ങളില്‍ പദ്ധതികള്‍ വരും എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ കരാറിന് വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോള്‍ ടീകോം പറയുന്നത്. അത് അംഗീകരിക്കാനാവില്ല. കമ്പനിക്ക് കീഴടങ്ങാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല. എന്നാല്‍, വന്‍കിട പദ്ധതികള്‍ കാലവിളംബം കൂടാതെ നടപ്പാക്കന്‍ ശ്രദ്ധിക്കും - തോമസ് ഐസക് പറഞ്ഞു.
ദുബായ് ഇന്‍റര്‍നെറ്റ് സിറ്റി തയ്യാറല്ലെങ്കില്‍ സ്മാര്‍ട്ട്‌സിറ്റി പദ്ധതിക്ക് സര്‍ക്കാര്‍ മറ്റ് പോംവഴികള്‍ തേടുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഇവ പരിഹരിക്കാനാകുന്നില്ലെങ്കില്‍ മറ്റു വഴികള്‍ തേടും - കോടിയേരി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യ പ്രകാരമാണ് സ്മാര്‍ട്ട് സിറ്റി പദ്ധതി മുന്നോട്ടു നീങ്ങിയത്. എന്നാല്‍ രണ്ടാം നിരയിലെ പ്രമുഖ മന്ത്രിമാര്‍ ടീകോമിനെതിരെ രംഗത്തു വന്നതോടെ മുഖ്യമന്ത്രിയും സ്മാര്‍ട്ട് സിറ്റി പദ്ധതിയും കൂടുതല്‍ പരുങ്ങലിലായിരിക്കുകയാണ്.