നിലമ്പൂർ കവളപ്പാറയിലെ ഉരുൾപൊട്ടലിൽ കാണാതായിരിക്കുന്നത് 40ഓളം കുടുംബങ്ങളെയാണ്. എത്രയാളുകൾ മണ്ണിനടിയിൽ ഉണ്ടെന്ന് ഒരു ധാരണയുമില്ലാതെയായിട്ട് രണ്ട് രാത്രികൾ കഴിഞ്ഞിരിക്കുന്നു. രക്ഷാപ്രവർത്തനത്തിന് വേഗത പോര എന്ന് കുറ്റപ്പെടുത്താൻ കഴിയില്ല, കാരണം അത്രമേൽ ദുഷ്കരമാണ് ഓരോ ചുവടുവെയ്പ്പും.
പൊലീസടക്കമുള്ളവർ മുന്നറിയിപ്പ് നൽകിയിട്ടും ജനങ്ങൾ ഒഴിഞ്ഞ് മാറാത്തതായിരുന്നു കവളപ്പാറയിൽ ഇത്ര വലിയ ദുരന്തത്തിന് കാരണമായതെന്ന് മുഖ്യമന്ത്രിയും നാട്ടുകാരും തന്നെ പറഞ്ഞുകഴിഞ്ഞു. ഉള്ളതെല്ലാം വിട്ടെറിഞ്ഞ് പോകാൻ ആർക്കാണെങ്കിലും മനസ് വരില്ല. എന്നാൽ, ജീവനേക്കാൾ വലുതല്ല അതൊന്നും എന്ന സത്യം ആരും തിരിച്ചറിയുന്നില്ല.
‘മേപ്പാടിയിലാണ്. രണ്ട് ദിവസമായി വീട്ടിൽ പോകാൻ പറ്റിയിട്ടില്ല. വീട്ടിൽ ഇനി ഒരിക്കലും എത്താൻ പറ്റാത്ത ആളുകളുടെ കൂടെയായിരുന്നു ഇന്ന് . എട്ട് ഡെഡ് ബോഡി കിട്ടി. ബാക്കിയുള്ളവർ മണ്ണിനടിയിലാണ്. കുറച്ചു പേർ പുറത്ത് കരയാനുണ്ട്. ഒരു നാട് അത് കാണാനേയില്ല. പുത്തു മലയിൽ ഇപ്പോഴും മഴ പെയ്യുന്നുണ്ട്.. മഴ പെയ്യുന്നുണ്ട്... മണ്ണിനടിയിൽ ആരോക്കെയോ മഴ കൊളളുന്നുണ്ട്..‘