‘വിജിലന്‍സ് കേസ് അട്ടിമറിക്കാനുള്ള ശ്രമം വിലപ്പോവില്ല‘
ശനി, 21 മെയ് 2011 (14:39 IST)
PRO
PRO
അടൂര്‍ പ്രകാശിനെതിരായ വിജിലന്‍സ് കേസ് പുനരന്വേഷിക്കാനുള്ള ശ്രമം കേസ് അട്ടിമറിക്കാനാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ആരോപിച്ചു. അടൂര്‍ പ്രകാശിനെ മന്ത്രിയാക്കാനാണ് യു ഡി എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഉമ്മന്‍ചാണ്ടിയാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നും പിണറായി പറഞ്ഞു. വിജിലന്‍സ് കേസുകള്‍ അട്ടിമറിക്കുന്നുവെന്നാരോപിച്ച് ഡി വൈ എഫ് ഐ തിരുവനന്തപുരത്ത് സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധികാരത്തിലേറി ഇത്രയും ദിവസത്തിനുള്ളില്‍ കോണ്‍ഗ്രസ് ഈ രീതിയില്‍ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും പിണറായി പറഞ്ഞു. ഒരു മന്ത്രിസഭ പൂര്‍ണ്ണമായും അധികാരമേല്‍ക്കുന്നതിന് മുന്‍പ് തന്നെ അഴിമതിക്കാരെ വഴിവിട്ട് സഹായിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഇതാദ്യമായാണെന്നും പിണറായി കുറ്റപ്പെടുത്തി.
വിജിലന്‍സ് ഡയറക്ടറായി നിയമിതനായ നെറ്റോ ഇതിന് കൂട്ട് നില്‍ക്കുകയാണ്. എന്നാല്‍ വിജിലന്‍സ് കേസുകള്‍ അട്ടിമറിക്കാനുള്ള യു ഡി എഫിന്റെ ശ്രമം ഫലം പോവില്ലെന്നും പിണറായി പറഞ്ഞു.