‘മുഖ്യമന്ത്രിയുടെ ഓഫിസി’ന് പിന്നാലെ കുമ്മനത്തിന് ഇനി ഉപദേശകരും; നിയമനം കേന്ദ്രനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍

ഞായര്‍, 25 ജൂണ്‍ 2017 (09:54 IST)
ബിജെപി സംസ്ഥാന പ്രസിഡന്റായ കുമ്മനം രാജശേഖരന് മൂന്ന് ഉപദേശകരെ നിയമിച്ചു. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കുമ്മനം രാജശേഖരന് ഉപദേശകരെ നിയോഗിച്ചത്. സാമ്പത്തികം, മാധ്യമം, വികസനം, അസൂത്രണം എന്നീ മേഖലകളിലേക്കാണ് കുമ്മനത്തിന് ഉപദേശകരെ നിയമിച്ചത്. ഹരി എസ് കര്‍ത്താ, ഡോ.ജി.സി ഗോപാലപിള്ള, കെ ആര്‍ രാധാകൃഷ്ണ പിള്ള എന്നിവരാണ് ബിജേപിയുടെ സംസ്ഥാന പ്രസിഡന്റിനെ വിവിധ മേഖലകളില്‍ സഹായിക്കാനുണ്ടാകുക. 
 
നേരത്തെ കൊച്ചി മെട്രോയിലെ കുമ്മനത്തിന്റെ യാത്ര ഉള്‍പ്പെടെയുള്ള ചില വിഷയങ്ങള്‍ വന്‍ വിവാദമായിരുന്നു.കുമ്മനത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവായി ചുമതലയേറ്റ ഗോപാലപിള്ള ഫാക്ടിന്റെ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായിരുന്നു. കേന്ദ്ര പദ്ധതികള്‍ സംസ്ഥാനത്തു നടപ്പിലാക്കുന്നതിനെ കുറിച്ച് വിശകലനം ചെയ്യാനാണ് ഗോപാല പിള്ളയെ നിയോഗിച്ചിരിക്കുന്നത്. കിന്‍ഫ്രയുടെ സ്ഥാപക എംഡിയായിരുന്ന ഗോപാലപിള്ള മുസ്ലിം ലീഗ് നേതൃത്വമായും യുഡിഎഫുമായും അടുത്ത ബന്ധം പുലര്‍ത്തിയ ആളായിരുന്നു.
 
ജന്മഭൂമി ചീഫ് എഡിറ്ററായിരുന്ന ഹരി.എസ് കര്‍ത്തയെയാണ് അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവായി നിയമിച്ചിരിക്കുന്നത്. ചാനല്‍ ചര്‍ച്ചകളിലെ നേതാക്കളുടെ ഭിന്നാഭിപ്രായം, പരിവാര്‍ പ്രസിദ്ധീകരണങ്ങളുടെ മേല്‍നോട്ടം എന്നീ മേഖലകളായിരിക്കും ഹരി എസ് കര്‍ത്ത കൈകാര്യം ചെയ്യുക. ആസൂത്രണം ബോര്‍ഡിന്റെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചിരുന്ന രാധാകൃഷ്ണപിള്ള വികസം, ആസൂത്രണം എന്നീ മേഖലകളില്‍ കുമ്മനത്തെ സഹായിക്കും.

വെബ്ദുനിയ വായിക്കുക