ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ 'ബി’ അറ തുറക്കരുതെന്ന് ദേവപ്രശ്നത്തില്‍ തെളിഞ്ഞു. ഈ നിലവറ തുറക്കാന്‍ ശ്രമിക്കുന്നവരുടെ വംശം മുടിയുമെന്നും ദേവന് മാത്രമേ ഇവിടെ പ്രവേശിക്കാന്‍ അവകാശമുള്ളൂ എന്നും ദേവപ്രശ്നത്തില്‍ കണ്ടു.
നൂറ്റാണ്ടുകളായി അടഞ്ഞുകിടക്കുന്ന ‘ബി’ അറ പൂര്‍വകാല ദേവചൈതന്യത്തിന്റെ ആസ്‌ഥാനമാണ്. അത് തുറക്കാന്‍ ശ്രമിക്കുന്നവരുടെ കുടുംബാംഗങ്ങള്‍ പാമ്പുകടിയേറ്റോ വിഷം കഴിച്ചോ മരിക്കും. ശ്രീചക്രപ്രതിഷ്‌ഠപോലുള്ള കാര്യങ്ങള്‍ ക്ഷേത്രനിലവറകള്‍ക്ക് അടിയിലുണ്ട്. അതിന് സ്ഥാനചലനം സംഭവിച്ചാല്‍ ഗുരുതരപ്രത്യാഘാതങ്ങള്‍ ഉണ്ടാവും. ഇതിന്റെ ദോഷം ക്ഷേത്രത്തില്‍ മാത്രം ഒതുങ്ങില്ല. രാജ്യത്തിന് തന്നെ അത് ഭീഷണിയാവും. അനീതിയും അക്രമങ്ങളും പൊട്ടിപ്പുറപ്പെടുമെന്നും താംബൂല ദേവപ്രശ്‌നത്തില്‍ തെളിഞ്ഞിരുന്നു.
നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഏതോ ഒരു ബ്രാഹ്‌മണസമൂഹത്തിന്റെയോ യതിവര്യന്റെയോ അധീനതയിലായിരുന്നു ക്ഷേത്രം. അവരെ നിഷ്‌കാസനം ചെയ്യുകയായിരുന്നു. ഇതിന് പ്രായശ്‌ചിത്തം നടത്തിയെങ്കിലും പിന്നീട് അവ മുടങ്ങി.
ക്ഷേത്രത്തിലെ പണം കൈകാര്യം ചെയ്യുന്നതില്‍ തട്ടിപ്പെന്ന് നടക്കുന്നുണ്ടെന്ന് ദേവപ്രശ്നം പറഞ്ഞിരുന്നു. ക്ഷേത്ര ഭരണസമിതി ദിവസവും വഴിപാട് കണക്കിലും വരവ് ചെലവ് കണക്കിലും കള്ളക്കണക്ക് ഉണ്ടാക്കുകയാണ്. അനന്തന്‍ കാട് ഉള്‍പ്പെടെ ക്ഷേത്രവുമായി ബന്ധപ്പെട്ട സങ്കേതങ്ങള്‍ വൃത്തിയാക്കണമെന്നും ക്ഷേത്രത്തിന്റെ ദീര്‍ഘകാല നിലനില്‍പ്പിന് വ്യവസ്ഥ ഉണ്ടാക്കണമെന്നും പ്രശ്നത്തില്‍ തെളിഞ്ഞിരുന്നു.
ക്ഷേത്രത്തിലെ ധനശേഖരം രഹസ്യമായി സൂക്ഷിക്കണമെന്ന് ദേവപ്രശ്‌നത്തില്‍ പറഞ്ഞിരുന്നു. ശ്രീപത്മനാഭന്‍റെ സ്വത്ത് ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കണം. ധനശേഖരം ഒരുകാലത്തും ക്ഷേത്രത്തില്‍ നിന്ന് നഷ്‌ടപ്പെടില്ലെന്നും ദേവപ്രശ്നത്തില്‍ തെളിഞ്ഞിരുന്നു.
ക്ഷേത്രാചാരങ്ങള്‍ നശിപ്പിക്കപ്പെട്ടതായും ദേവപ്രശ്നത്തില്‍ തെളിഞ്ഞു. ക്ഷേത്രത്തിലെ പരിചാരകര്‍ നീചമായ രീതിയില്‍ പോലും പെരുമാറാറുണ്ടെന്നും ദേവപ്രശ്നത്തില്‍ കണ്ടെത്തി.
ക്ഷേത്രത്തിലെ സ്വത്തുവിവരം രേഖപ്പെടുത്തുന്നതിന്‍റെ ഭാഗമായി നിലവറകളില്‍ നടത്തിയ കണക്കെടുപ്പിന് ദേവഹിതം ഉണ്ടോയെന്ന് മനസ്സിലാക്കുന്നതിനാണ് ദേവപ്രശ്നം നടത്തുന്നത്. കഴിഞ്ഞദിവസം മുതല്‍ ക്ഷേത്രത്തിലെ കുലശേഖര മണ്ഡപത്തില്‍ നടക്കുന്ന ദേവപ്രശ്നത്തിന് സാക്‍ഷ്യം വഹിക്കാന്‍ ഭക്‌തര്‍ക്കും അവസരമുണ്ട്. മധൂര്‍രംഗഭട്ടിന്റെ നേതൃത്വത്തില്‍ അഞ്ചു ജ്യോതിഷപണ്ഡിതരാണു മൂന്നുദിവസം നീളുന്ന ദേവപ്രശ്‌നം നടത്തുന്നത്.