‘ജനാധിപത്യം വിനിയോഗിക്കുന്നതില്‍ മലയാളികള്‍ ശ്രദ്ധാലുക്കള്‍‘: ഗവര്‍ണര്‍

തിങ്കള്‍, 27 ജനുവരി 2014 (12:23 IST)
PRO
മിടുക്കരായ ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനും ജനാധിപത്യം വിനിയോഗിക്കുന്നതിലും മലയാളികള്‍ ശ്രദ്ധാലുക്കളാണെന്ന് ഗവര്‍ണര്‍ നിഖില്‍കുമാര്‍.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘടിപ്പിച്ച സമ്മതിദായക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വോട്ടിംഗ് ശതമാനത്തില്‍ കേരളം മുന്‍പന്തിയിലാണ്. രാഷ്ട്ര പുനര്‍നിര്‍മാണത്തിലും രാജ്യത്തിന്റെ പുരോഗതിയിലും ഭാഗഭാക്കാകാനുള്ള താല്‍പ്പര്യമാണ് ഇതിനെ കാണിക്കുന്നത്.

തെരഞ്ഞെടുപ്പ് എന്നാല്‍ അഴിമതിക്കും അനീതിക്കും എതിരെ പ്രതികരിക്കാനുള്ള അവസരമാണെന്നും നിര്‍ഭയമായി വോട്ട് ചെയ്യാന്‍ കഴിയുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ സുതാര്യതയ്ക്കും കാരണമാകുമെന്നും ഗവര്‍ണര്‍ വിശദീകരിച്ചു.

തെരഞ്ഞെടുപ്പ് സത്യസന്ധമായി നടപ്പാക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍, ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നളിനി നെറ്റോ, പാര്‍ലമെന്‍ററി അഫയേഴ്‌സ് ഇന്‍സ്റ്റിട്യൂട്ട് ഡയറക്ടര്‍ ഡോ ടി വര്‍ഗീസ്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ക ശശിധരന്‍ നായര്‍, ജില്ലാ കളക്ടര്‍ കെഎന്‍ സതീഷ് എന്നിവര്‍ സംസാരിച്ചു.

വെബ്ദുനിയ വായിക്കുക