‘അന്ന് സഹസംവിധായകന്‍‍, ഇന്ന് സൂപ്പര്‍ ഹീറോ’ - അത്ഭുതത്തോടെ ജെ ഡി ചക്രവര്‍ത്തി

ജോയ്സ് ജോയ്

ബുധന്‍, 4 മാര്‍ച്ച് 2015 (16:15 IST)
പ്രമുഖ സംവിധായകന്‍ സിദ്ദിഖ് സംവിധാനം ചെയ്യുന്ന ‘ഭാസ്കര്‍ ദ റാസ്കല്‍’ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ വില്ലനാകാന്‍ എത്തിയതാണ് പ്രമുഖ തെന്നിന്ത്യന്‍ താരം ജെ ഡി ചക്രവര്‍ത്തി. സഞ്ജയ് എന്നാണ് ഭാസ്കര്‍ ദ റാസ്കലില്‍ ജെ ഡി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
 
ഇതിനു മുമ്പ് ‘എന്നോടിഷ്‌ടം കൂടാമോ’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനു വേണ്ടിയായിരുന്നു ജെ ഡി ചക്രവര്‍ത്തി മലയാളത്തിലെത്തിയത്. അന്നത്തെ ഒരു രസകരമായ അനുഭവം ജെ ഡി ചക്രവര്‍ത്തി പങ്കുവെച്ചു.
 
1992ലാണ് കമല്‍ സംവിധാനം ചെയ്യുന്ന ‘എന്നോടിഷ്‌ടം കൂടാമോ’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ ജെ ഡി ചക്രവര്‍ത്തി കേരളത്തിലെത്തിയത്. ‘അന്ന് ഇവിടെ പ്രത്യേകിച്ച് സുഹൃത്തുക്കളാരുമില്ലായിരുന്നു. എന്നാല്‍, എന്നോടിഷ്‌ടം കൂടാമോ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് അസിസ്റ്റന്റ് ഡയറക്‌ടര്‍ ആയിരുന്ന ഒരു പയ്യനെ പരിചയപ്പെട്ടു. ഭാഷ ഞങ്ങള്‍ക്കിടയില്‍ ഒരു പ്രശ്നമായിരുന്നെങ്കിലും ഒരു പാട് സംസാരിക്കുമായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് ഞാന്‍ മടങ്ങിയെങ്കിലും ഇടയ്ക്കിടയ്ക്ക് ഫോണ്‍ വിളിക്കുമായിരുന്നു. ഒരു മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു ഫോണ്‍കോള്‍ വന്നു. താന്‍ മലയാളസിനിമയിലെ ഒരു ഹീറോ ആയി എന്നു പറഞ്ഞുകൊണ്ടായിരുന്നു ആ വിളി. ദിലീപ് എന്നാണ് ആ ഹീറോയുടെ പേര്’ - ജെ ഡി ചക്രവര്‍ത്തി പറഞ്ഞു.
 
പതിമൂന്നു വര്‍ഷത്തിനു ശേഷം ഒരു മലയാള സിനിമയില്‍ അഭിനയിക്കാന്‍ ജെ ഡി ചക്രവര്‍ത്തി വീണ്ടും എത്തുമ്പോള്‍ ദിലീപ് മലയാളത്തിലെ സൂപ്പര്‍ ഹീറോയാണ്. ‘എന്നോടിഷ്‌ടം കൂടാമോ’ സിനിമയില്‍ കമലിന്റെ അസിസ്റ്റന്റ് ആയിരുന്ന മറ്റൊരാള്‍ മലയാളത്തിലെ പ്രമുഖ സംവിധാകനുമാണ് - ലാല്‍ ജോസ്.
 
ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തിന് തൂത്തുക്കുടിയില്‍ പത്തുദിവസം നീണ്ടു നില്‍ക്കുന്ന ഷൂട്ടിംഗ് കൂടി ബാക്കിയുണ്ട്. വിഷുവിനോട് അനുബന്ധിച്ച് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നയന്‍ താരയാണ് മമ്മൂട്ടിയുടെ നായിക.

വെബ്ദുനിയ വായിക്കുക