ഹാലിമുമായി ബന്ധമില്ലെന്ന് മദനി

വെള്ളി, 24 ജൂലൈ 2009 (18:29 IST)
കോഴിക്കോട്‌ സ്ഫോടനകേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്‌റ്റു ചെയ്ത അബ്‌ദുള്‍ ഹാലിമുമായി തനിക്ക് ബന്ധമില്ലെന്ന്‌ പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഹാലിമിന് മദനിയുമായി ബന്ധമുണ്ടെന്ന് പരാമര്‍ശിച്ച് വന്ന വാര്‍ത്തകളോട് കൊച്ചിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ ജയിലില്‍ പോകുന്ന സമയത്ത് പാര്‍ട്ടിയിലുണ്ടായിരുന്ന പലരും പിന്നീട് പുതിയ ലാവണങ്ങള്‍ തേടി പോയി. പിടിയിലായ അബ്‌ദുള്‍ ഹാലിം ഉള്‍പ്പെടെയുള്ള ഒരാളും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിഒടെ പി ഡി പിയുമായി ഒരു ബന്ധവും പുലര്‍ത്തുന്നവരല്ല. തീവ്രവാദവുമായി തനിക്ക് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ യു ഡി എഫിന് കഴിയില്ലെന്നും മദനി പറഞ്ഞു.

പൊലീസ് പിടിയിലായ അബ്ദുള്‍ ഹാലിം 1995 - 98 കാലത്ത്‌ മദനിയുടെ അംഗരക്ഷകനായിരുന്നെന്ന് പൊലീസ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് മദനി പ്രസ്താവനയുമായി രംഗത്തു വന്നിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക