ഹര്‍ത്താല്‍: കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ മുടങ്ങി

ചൊവ്വ, 27 ഏപ്രില്‍ 2010 (12:21 IST)
PRO
വിലക്കയറ്റത്തിനെതിരെ ഇടതുകക്ഷികള്‍ അടക്കം 13 കക്ഷികള്‍ ആഹ്വാനം ചെയ്തിരിക്കുന്ന ദേശീയ ഹര്‍ത്താല്‍ കേരളത്തില്‍ പൂര്‍ണം. ഹര്‍ത്താല്‍ കെ എസ് ആര്‍ ടി സി സര്‍വ്വീസുകളെയും ബാധിച്ചു. കൊച്ചിയിലും കോഴിക്കോടും രാവിലെ കെ എസ് ആര്‍ ടി സി ബസുകള്‍ നിരത്തിലിറങ്ങിയില്ല.

ബാംഗ്ലൂരിലേക്ക് പോകേണ്ട ഒരു സര്‍വ്വീസ്‌ മാത്രമാണ്‌ കോഴിക്കോട്‌ കെ എസ്‌ ആര്‍ ടി സി ബസ്‌ സ്റ്റാന്‍റില്‍ നിന്നും സര്‍വീസ്‌ നടത്തിയത്‌. ജീവനക്കാര്‍ എത്തുന്നതനുസരിച്ച്‌ സര്‍വീസ്‌ നടത്തുമെന്ന്‌ കെഎസ്‌ആര്‍ടിസി എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ വേണുഗോപാല്‍ അറിയിച്ചിട്ടുണ്ട്‌.

വിലക്കയറ്റത്തിനെതിരെ 12 മണിക്കൂര്‍ ഹര്‍ത്താലിനാണ് ഇടതുകക്ഷികള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. വാഹന ഗതാഗതത്തെയും ട്രെയിന്‍ ഗതാഗതത്തെയും ഹര്‍ത്താല്‍ ബാധിച്ചു. അതേസമയം, അക്രമസംഭവങ്ങള്‍ തടയാന്‍ പൊലീസ് സജ്ജമാണെന്ന് ഡി ജി പി അറിയിച്ചു.

എന്നാല്‍, ഹര്‍ത്താല്‍ ദിനത്തിലും സര്‍വീസ്‌ നടത്തുമെന്ന് കെ എസ്‌ ആര്‍ ടി സി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. സര്‍വീസ്‌ നടത്തുന്ന വണ്ടികള്‍ക്ക്‌ പൊലീസ്‌ സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ എംഡി ടി പി സെന്‍കുമാര്‍ പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക