ഹരിഹരവര്‍മ്മ വധക്കേസ്: അഞ്ചു പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം

ചൊവ്വ, 13 മെയ് 2014 (15:04 IST)
രത്ന വ്യാപാരിയായ ഹരിഹരവര്‍മ്മയുടെ കൊലപാതക കേസില്‍ അഞ്ചു പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും പിഴയും. പ്രതികളായ ജിതേഷ്, രഖില്‍, അജീഷ്, രാകേഷ്, ജോസഫ് എന്നിവര്‍ക്കാണ് ശിക്ഷ. പ്രതികള്‍ ഓരോരുത്തരും രണ്ട് ലക്ഷം രൂപ വീതം പിഴയൊടുക്കണം. പിഴത്തുക ഹരിഹരവര്‍മ്മയുടെ ഭാര്യ വിമലാ ദേവിയ്ക്ക് നല്‍കണമെന്നും തിരുവനന്തപുരം അഡീഷണല്‍ മജിസ്ട്രേറ്റ് കോടതി വിധിച്ചു.
 
ഡിസംബര്‍ 24നാണ്‌ തിരുവനന്തപുരം പുതൂര്‍ക്കോണത്ത്‌ ഹരിദാസ്‌ എന്നയാളുടെ മകളുടെ വീട്ടില്‍ ഹരിഹരവര്‍മ കൊല്ലപ്പെട്ടത്‌. രത്നങ്ങള്‍ വാങ്ങാനെത്തിയവര്‍ വിലയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്‌ ക്ലോറോഫോം മണപ്പിച്ച്‌ ശേഷം ഹരിഹരവര്‍മയെ കൊലപ്പെടുത്തിയെന്നാണ്‌ ഹരിദാസ്‌ പൊലീസിന് മൊഴി നല്‍കിയിരുന്നത്‌.
 
കവര്‍ച്ചയ്ക്ക് വേണ്ടി ആസൂത്രണം ചെയ്ത കൊലയാണിതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. വര്‍മ്മയുടെ സുഹൃത്തും കേസിലെ സാക്ഷിയുമായിരുന്ന ആറാം പ്രതി അഡ്വക്കേറ്റ് ഹരിദാസിനെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. പ്രതികളായ അഞ്ചുപേരും വിദ്യാര്‍ഥികളാണെന്നത് കേസിന്റെ പ്രത്യേകതയാണ്.
 
ഇവര്‍ എഞ്ജിനീയറിംഗ് വിദ്യാര്‍ഥികളാണ്. ഇവര്‍ക്കെതിരെ കവര്‍ച്ച, കൊലപാതകം,കുറ്റകരമായ ഗൂഢാലോചന,വ്യാജ രേഖ ചമയ്ക്കല്‍,മയക്കുമരുന്ന് കൊടുത്ത് ബോധം കെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.
 

വെബ്ദുനിയ വായിക്കുക