സ്വാശ്രയ മെഡി. പ്രവേശനം: ധാരണയായി

ശനി, 5 ജൂണ്‍ 2010 (17:33 IST)
PRO
ഈ വര്‍ഷത്തെ പ്രവേശനം സംബന്ധിച്ച് സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്‍റുമായി സര്‍ക്കാര്‍ ധാരണയിലെത്തി. വിദ്യാഭ്യാസമന്ത്രി എം‌എ ബേബിയാണ് ഇക്കാര്യം അറിയിച്ചത്. സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ നിലവിലുള്ള സീറ്റുകളുടെ അമ്പത് ശതമാനം സര്‍ക്കാര്‍ ക്വാട്ടയായി അനുവദിച്ചതായി മന്ത്രി പറഞ്ഞു.

പതിനൊന്ന് സ്വാശ്രയ കോളേജുകളിലായി 1100 സീറ്റുകളാണ് ആകെയുള്ളത്. ഇതില്‍ 550 സീറ്റുകളാണ് സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം നടത്താന്‍ വിട്ടുനല്‍കുക. ന്യൂനപക്ഷ പദവിയുള്ള കോളേജുകളില്‍ സര്‍ക്കാര്‍ നടത്തുന്ന പത്ത് ശതമാനം അലോട്ട്‌മെന്‍റ് പതിനഞ്ചാക്കി ഉയര്‍ത്തണമെന്നതുള്‍പ്പെടെ സ്വാശ്രയ മാനേജ്മെന്‍റ് കണ്‍സോര്‍ഷ്യം ഉയര്‍ത്തിയ പ്രശ്നങ്ങള്‍ അനുഭാ‍വപൂര്‍വ്വം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് വിസമ്മതിച്ച് നില്‍ക്കുന്ന ഇന്‍റര്‍ചര്‍ച്ച് കൌണ്‍സിലിന് കീഴിലുള്ള നാലു കോളേജുകള്‍ സ്വയം മാനസാന്തരമുണ്ടായി സര്‍ക്കാരുമായി സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക