സ്വാതി ആശുപത്രി വിട്ടു

ചൊവ്വ, 31 ജൂലൈ 2012 (17:38 IST)
PRO
PRO
കരള്‍ മാറ്റല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനി സ്വാതി കൃഷ്ണ ആശുപത്രി വിട്ടു. വിദഗ്ധ പരിശോധനകള്‍ക്കു ശേഷമാണ്‌ സ്വാതിയെ വിട്ടയച്ചത്‌. മാറ്റിവച്ച കരള്‍ തൃപ്‌തികരമായി പ്രവര്‍ത്തിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സ്വാതി ആശുപത്രി വിട്ടത്. സ്വാതിയോടൊപ്പം മാതാപിതാക്കളും അധ്യാപകരും ഉണ്ടായിരുന്നു.

ആശുപത്രി വിട്ടെങ്കിലും രണ്ട് മാസം വരെ എല്ലാ ദിവസവും സ്വാതിക്ക് ആശുപത്രിയില്‍ ചെക്കപ്പിന് ചെല്ലേണ്ടതുണ്ട്. ചികിത്സയുടെ സൗകര്യത്തിന്‌ രണ്ട് മാസത്തേക്ക്‌ ഇടപ്പള്ളി വൈന്നേല്‍ റോഡിലുള്ള വാടകവീട്ടിലായിരിക്കും സ്വാതി താമസിക്കുക. രണ്ട് മാസത്തിന് ശേഷമായിരിക്കും സ്വാതി സ്വന്തം വീട്ടിലേക്ക് തിരിച്ച് പോകുക.

മഞ്ഞപ്പിത്തം ഗുരുതരമായതിനെത്തുടര്‍ന്നു കരളിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച സ്വാതി കൃഷ്ണയെ ജൂലൈ പതിമൂന്നിനാണ് ശസ്‌ത്രക്രിയയ്ക്കു വിധേയയാക്കിയത്‌. കരള്‍മാറ്റിവയ്ക്കലിനാവശ്യമായ നിയമനടപടികളിലെ സങ്കീര്‍ണതകള്‍ മൂലം സ്വാതിയുടെ ശസ്ത്രക്രിയ വൈകുന്നതിനെക്കുറിച്ചു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഇതോടെയാണ് സ്വാതിക്കായി മലയാളികള്‍ പ്രാര്‍ഥിച്ച് തുടങ്ങിയത്.

മുഖ്യമന്ത്രിയുള്‍പ്പടെയുള്ളവര്‍ ഇടപെട്ടാണ്‌ നടപടികള്‍ വേഗത്തിലാക്കിയത്‌. ഒരാഴ്ച പൂര്‍ണ അബോധാവസ്ഥയിലായിരുന്ന സ്വാതിയുടെ ശസ്‌ത്രക്രിയ ഏറെ ശ്രമകരമായിരുന്നു. എന്നാല്‍ ജനലക്ഷങ്ങളുടെ പ്രാര്‍ഥനയും ആശുപത്രിയിലെ വിദഗ്ധരുടെ സേവനവും ഒത്തുചേര്‍ന്നപ്പോള്‍ സ്വാതിക്ക് ജീവിതത്തിലേക്ക് മടങ്ങി വരികയായിരുന്നു.

വെബ്ദുനിയ വായിക്കുക