ചവറയില്‍ സ്പോഞ്ച് നിര്‍മ്മാണത്തിനുള്ള കമ്പനിക്ക് റഷ്യന്‍ കമ്പനിയുമായി കരാര്‍ ഉണ്ടാക്കാനുള്ള നീക്കത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു.
ആഗോള ടെണ്ടര്‍ വിളിക്കാതെ ഏകപക്ഷീയമായി റഷ്യന്‍ കമ്പനിക്ക് കരാര്‍ നല്‍കാനുള്ള നീക്കം ദുരുദേശപരമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യന്‍ കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയാല്‍ കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ അഴിമതിയായിരിക്കും അത്.
ഇന്ത്യന്‍ കമ്പനികള്‍ക്ക് തന്നെ ടൈറ്റാനിയം സ്പോഞ്ച് നിര്‍മ്മാണം നടത്താമെന്നിരിക്കെ അഗോള ടെണ്ടര്‍ വിളിക്കാതെ റഷ്യന്‍ കമ്പനിക്ക് ടെണ്ടര്‍ നല്‍കിയത് ഏകപക്ഷീയമാണ്. 12,000 ടണ്‍ സ്പോഞ്ച് 120 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കാന്‍ സാധിക്കും. എന്നാല്‍ ചവറയില്‍ പതിനായിരം ടണ്‍ സ്പോഞ്ച് നിര്‍മ്മിക്കുന്നതിനായി ആയിരം കോടിയാണ് ചെലവഴിക്കുന്നത്.
കരാര്‍ ഏല്‍പ്പിക്കുന്ന റഷ്യന്‍ കമ്പനിയുടെ ടെക്നോളജി 67 വര്‍ഷം പഴക്കമുള്ളതാണ്. എന്നാല്‍ ജപ്പാന്‍റെ കൈയ്യിലുള്ള ടെക്നോളജി 15 വര്‍ഷം പഴക്കമുള്ളതാണ്. ഈ 67 വര്‍ഷം പഴക്കമുള്ള ടെക്നോളജിയുള്ള റഷ്യന്‍ കമ്പനിയെ പ്ലാന്‍റ് നിര്‍മ്മിക്കാന്‍ ക്ഷണിച്ചതിന് പിന്നില്‍ 300 കോടി രൂപയുടെ അഴിമതിയുണ്ട്.
രാജ്യത്തിന്‍റെ ധാതു സമ്പത്ത് വിദേശരാജ്യങ്ങള്‍ക്ക് അടിയറവ് വയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ സൌകര്യവും ചെയ്യുകയാണ്‍. ആഗോള ടെണ്ടര്‍ വിളിക്കാതെ റഷ്യന്‍ കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയത് എന്തിനാണെന്ന് വിശദീകരിക്കാന്‍ വ്യവസായ മന്ത്രി എളമരം കരീം തയാറാകണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.