സ്ത്രീകളെ അനാവശ്യമായി ഫോണ്‍ വിളിച്ചാല്‍ കടുത്ത ശിക്ഷ
ബുധന്‍, 16 ജനുവരി 2013 (11:59 IST)
PRO
PRO
സ്ത്രീകളുടെ സുരക്ഷ മുന്‍ നിര്‍ത്തി വനിതാ സംരക്ഷണത്തിന് കര്‍ശന നിയമങ്ങള്‍ വ്യവസ്ഥ ചെയ്യുന്ന കരട് ബില്‍ തയാറായി. സ്ത്രീകളെ അനാവശ്യമായി ഫോണ്‍ ചെയ്താല്‍ പോലും കടുത്ത ശിക്ഷ നേരിടേണ്ടി വരും. അപമര്യാദയായി പെരുമാറല്‍, കമന്റടി, തൊട്ടുരുമ്മി യാത്ര ചെയ്യല്‍ ഇവയെല്ലാം കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരും.
സ്‌ത്രീകളെ പൊതുസ്ഥലത്തും വാഹനങ്ങളിലും ശല്യം ചെയ്യുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ കഠിന തടവാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പീഡനത്തെ തുടര്‍ന്നു സ്‌ത്രീ മരിച്ചാല്‍ വധശിക്ഷ വരെ നല്‍കാന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു. മാനസികമായോ ശാരീരികമായോ അപമാനിതമായി സ്‌ത്രീ ആത്മഹത്യ ചെയ്‌താലും വധശിക്ഷ നല്‍കാം.
ഇന്റര്‍നെറ്റും മൊബെയില്‍ ഫോണും ഉപയോഗിച്ചു സ്‌ത്രീകളെ അപമാനിക്കുകയും ശല്യം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് കര്‍ശന ശിക്ഷ ലഭിക്കും. അനാവശ്യമായ ഫോണ്‍കോളുകള്‍, എസ്‌എംഎസുകള്‍, മൊബെയില്‍ ഫോണ്‍ ഉപയോഗിച്ച് അനുവാദമില്ലാതെ സ്‌ത്രീകളുടെ ചിത്രമെടുക്കുന്നത് തുടങ്ങിയ കുറ്റകരമാണ്. കുറ്റകൃത്യത്തിന്റെ തീവ്രത അനുസരിച്ച് ജീവപര്യന്തം ശിക്ഷ വരെ നല്‍കാനും വ്യവസ്ഥയുണ്ട്.
അതിക്രമം സ്ഥാപനങ്ങളിലോ വാഹനങ്ങളിലോ ആണെങ്കില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ പൊലീസിനെ അറിയിക്കണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ സ്ഥാപനമേധാവിക്കു മൂന്നു വര്‍ഷം തടവും 5000 രൂപ പിഴയും ആണു ശിക്ഷ. ഫെബ്രുവരിയില്‍ ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.