സ്കൂളുകള്‍ക്ക് അംഗീകാരം: നടപടി തടഞ്ഞു

മലബാര്‍ മേഖലയിലെ 16 അണ്‍എയിഡഡ്‌ സ്കൂളുകള്‍ക്ക്‌ അംഗീകാരം നല്‍കാനുള്ള സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. സ്കൂളുകള്‍ക്ക്‌ അംഗീകാരം നല്‍കാനുള്ള ഡി.പി.ഐയുടെ നടപടിയാണ്‌ ജസ്റ്റീസ്‌ തോട്ടത്തില്‍ ബി. രാധാകൃഷ്‌ണന്‍ റദ്ദാക്കിയത്‌.

മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍കോട്‌, വയനാട്‌ എന്നീ ജില്ലകളിലെ സ്കൂളുകള്‍ക്കാണ് അംഗീകാരം നല്‍കാന്‍ തീരുമാനിച്ചത്. അംഗീകാരം നല്‍കാനുള്ള നടപടി ചട്ടവിരുദ്ധവും അധികാര ദുര്‍വിനിയോഗവും വിവേചനപരവുമാണെന്ന്‌ കോടതി ചൂണ്ടിക്കാണിച്ചു. കൊയിലാണ്ടി ഇസ്‌ലാമിക്‌ പ്രൈമറി സ്കൂളാണ്‌ ഡി.പി.ഐ നടപടിക്കെതിരെ കോടതിയെ സമീപിച്ചത്‌.

16 സ്കൂളുകളില്‍ 15 എണ്ണം മലപ്പുറത്താണെന്നും ഇതില്‍ പന്ത്രണ്ടും തിരൂരാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ക്ക്‌ വിരുദ്ധമായാണ്‌ സ്കൂളുകള്‍ തെരഞ്ഞെടുത്തതെന്നും ഇത്‌ ഭരണഘടനാ വിരുദ്ധമാണെന്നും കോടതി പറഞ്ഞു.

വെബ്ദുനിയ വായിക്കുക