സോളാറില്‍ ജുഡീഷ്യല്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാര്‍: വി ആര്‍ കൃഷ്ണയ്യര്‍
ശനി, 21 സെപ്‌റ്റംബര്‍ 2013 (20:20 IST)
PRO
സോളാര്‍ കേസില്‍ ജൂഡീഷ്യല്‍ അന്വേഷണം ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍. തന്‍റെ നിഗമനം അംഗീകരിക്കുമെന്ന ഉറപ്പ് ലഭിക്കുകയാണെങ്കില്‍ മാത്രം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. താനല്ലെങ്കില്‍ രാഷ്ട്രീയ സത്യസന്ധതയുള്ള മറ്റ് ആരെങ്കിലുമാകാമെന്നും കൃഷ്ണയ്യര്‍ പറഞ്ഞു.
ഒരു റിട്ടേര്‍ഡ് ജഡ്ജിനെയാണ് അന്വേഷിക്കുന്നതെങ്കില്‍ ശക്തനായ, വിവേചനാധികാരമുള്ളയാളെയാണ് തെരഞ്ഞെടുക്കേണ്ടത്. അയാള്‍ക്ക് ഒരു രാഷ്ട്രീയ ചായ്‌വും പാടില്ല - കൃഷ്ണയ്യര്‍ പറഞ്ഞു.
“ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ട സമയം അതിക്രമിച്ചു. കരിങ്കൊടി ഉള്ള സ്ഥലം നോക്കിയാല്‍ അവിടെ മുഖ്യമന്ത്രി ഉണ്ടാകും” - റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ ക്ലോസ് എന്‍കൌണ്ടര്‍ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞു.