സെബാസ്റ്റ്യന്‍ പോളോ? അതാരാ...?

വ്യാഴം, 24 ഫെബ്രുവരി 2011 (19:53 IST)
PRO
ഇന്ത്യാവിഷന്‍ ചാനലിന്‍റെ ചീഫ്‌ എഡിറ്ററായി ഇടത് ചിന്തകനും മാധ്യമപ്രവര്‍ത്തകനും മുന്‍ എം പിയുമായ സെബാസ്റ്റ്യന്‍ പോളിനെ നിയമിച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന്‍റെ പേരില്‍ മുസ്ലിം ലീഗ് യോഗത്തില്‍ ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ എം കെ മുനീറിന് കടുത്ത വിമര്‍ശനം ഏല്‍ക്കേണ്ടിവന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മുനീര്‍ ഇപ്പോള്‍ മലക്കം മറിഞ്ഞിരിക്കുകയാണ്. സെബാസ്റ്റ്യന്‍ പോളിനെ ചാനലിന്‍റെ ചീഫ് എഡിറ്ററായി നിയമിച്ചിട്ടില്ലെന്നാണ് മുനീര്‍ ഇപ്പോള്‍ പറയുന്നത്.

സെബാസ്റ്റ്യന്‍ പോള്‍ ഉള്‍പ്പടെയുള്ള ചില മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകരുമായി താന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെ, അദ്ദേഹത്തെ ചീഫ് എഡിറ്ററായി നിയമിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നത് എങ്ങനെയാണെന്ന് അറിയില്ല. ഇതില്‍ ചില ദുരുദ്ദേശങ്ങളുള്ളതായി സംശയിക്കണമെന്നും മുനീര്‍ പറഞ്ഞു.

സെബാസ്റ്റ്യന്‍ പോള്‍ മാര്‍ച്ച്‌ ഒന്നിന്‌ ഇന്ത്യാവിഷനില്‍ ചുമതലയേല്‍ക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച രാത്രി ചേര്‍ന്ന ചാനല്‍ ഡയറക്‌ടര്‍ ബോര്‍ഡില്‍ ഇതുസംബന്ധിച്ച്‌ അന്തിമ തീരുമാനമുണ്ടായതായും ബോര്‍ഡ്‌ യോഗത്തിന്‍റെ പരിഗണനയിലേക്ക്‌ എം ടി വാസുദേവന്‍നായരാണ്‌ സെബാസ്‌റ്റ്യന്‍ പോളിന്‍റെ പേര്‌ നിര്‍ദ്ദേശിച്ചതെന്നും വാര്‍ത്തയുണ്ടായിരുന്നു‌.

എന്നാല്‍ ഇത്രയും വിവരങ്ങള്‍ പുറത്തുവന്നതോടെ ലീഗില്‍ മുനീര്‍ കൂടുതല്‍ ഒറ്റപ്പെടുകയായിരുന്നു. ഇടതുപക്ഷക്കാരനായ ഒരാളെ ചാനല്‍ തലപ്പത്ത് നിയമിച്ചതിലൂടെ പാര്‍ട്ടിയോടല്ല തനിക്ക് കൂറെന്ന് വീണ്ടും മുനീര്‍ തെളിയിച്ചെന്നായിരുന്നു വിമര്‍ശനം. എന്തായാലും വിമര്‍ശനങ്ങള്‍ അധികമാകും മുമ്പ് സെബാസ്റ്റ്യന്‍ പോളിനെ തള്ളിപ്പറഞ്ഞ് മുനീര്‍ തടിതപ്പിയിരിക്കുകയാണ്.

എക്‌സിക്യൂട്ടീവ്‌ എഡിറ്റര്‍ പദവിയില്‍ നിന്ന് എം വി നികേഷ്‌കുമാര്‍ രാജിവച്ചതോടെയാണ് ഇന്ത്യാവിഷന്‍ മറ്റൊരാള്‍ക്ക് വേണ്ടി അന്വേഷണം തുടങ്ങിയത്. എന്തായാലും പോളിനെ വേണ്ടെന്നുവച്ചതോടെ ഇന്ത്യാവിഷനെ നയിക്കാന്‍ പുതിയൊരാളെ തേടുകയാണ് മുനീറും സംഘവും.

വെബ്ദുനിയ വായിക്കുക