സെന്‍‌കുമാറിനെ വരച്ചവരയില്‍ നിര്‍ത്താന്‍ സര്‍ക്കാര്‍, ബീനയെ സ്ഥലം മാറ്റിയത് മരവിപ്പിച്ചു

വെള്ളി, 12 മെയ് 2017 (17:36 IST)
ഡി ജി പി സെന്‍‌‌കുമാറിനെ വരച്ച വരയില്‍ നിര്‍ത്താന്‍ സര്‍ക്കാര്‍. പൊലീസ് ആസ്ഥാനത്തെ ടി ബ്രാ‍ഞ്ചില്‍നിന്ന് ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീനയെ സ്ഥലം മാറ്റിക്കൊണ്ട് സെന്‍‌കുമാര്‍ പുറപ്പെടുവിച്ച ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. ബീനയ്ക്ക് ഡിജിപി ഓഫിസില്‍ തന്നെ തുടരാമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
 
കഴിഞ്ഞ ദിവസം സെന്‍കുമാര്‍ മുഖ്യമന്ത്രിയെ കണ്ട് ബീനയെ സ്ഥലം മാറ്റിയതുള്‍പ്പടെ ഉള്ള കാര്യങ്ങളില്‍ വിശദീകരണം നല്‍കിയിരുന്നു. അതിനുശേഷമാണ് സ്ഥലം മാറ്റല്‍ ഉത്തരവ് മരവിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം എന്നത് ശ്രദ്ധേയമാണ്.
 
ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തി ഡിജിപി സ്ഥാനമേറ്റെടുത്ത ഉടനെയാണ് ബീനയെ സ്ഥലം മാറ്റിക്കൊണ്ട് സെന്‍കുമാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. തന്നെ അകാരണമായി സ്ഥലംമാറ്റിയെന്നും ഇത് പ്രതികാരനടപടിയാണെന്നും ബീന ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക