സുനന്ദയുടെ മരണം: പൊലീസിന്റെ അന്വേഷണത്തില്‍ തൃപ്തനല്ലെന്ന് ശശി തരൂര്‍

തിങ്കള്‍, 24 ഫെബ്രുവരി 2014 (13:31 IST)
PRO
PRO
ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തെക്കുറിച്ചുള്ള ഡല്‍ഹി പൊലീസിന്റ അന്വേഷണ ഗതിയില്‍ തൃപ്തനല്ലെന്ന് കേന്ദ്രമന്ത്രി ശശി തരൂര്‍. ഡല്‍ഹിയിലെ ലീലാപാലസ് ഹോട്ടലില്‍ ദുരൂഹസാഹചര്യത്തില്‍ സുനന്ദ പുഷ്‌കര്‍ മരിച്ച് ഒരു മാസം പിന്നിടവെയാണ് തരൂരിന്റെ പ്രതികരണം. ജനുവരി പതിനേഴിനാണ് ലീലാപാലസ് ഹോട്ടലില്‍ സുനന്ദയുടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ മൂലമാണ് സുനന്ദ മരിച്ചതെന്നതിന് സാധ്യതകളേറെയിരിക്കെ കേസ് ഇനിയും മുന്നോട്ട് കൊണ്ടുപോകുന്നതിന് അടിസ്ഥാനമില്ലെന്ന് തരൂര്‍ പറഞ്ഞു. സുനന്ദയുടെ മരണത്തില്‍ അസംബന്ധമായ സംശയങ്ങള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നിരിക്കെ ഉദ്യോഗസ്ഥര്‍ അന്വേഷണം വേഗത്തില്‍ അവസാനിപ്പിക്കാത്തതില്‍ അതൃപ്തിയുണ്ട്. പൊലീസ് അന്വേഷണം അവസാനിക്കുന്നതിനും ഡോക്ടര്‍മാരുടെ അന്തിമ റിപ്പോര്‍ട്ടിനായും കാത്തിരിക്കുകയാണ്. ഹെഡ്‌ലൈന്‍സ് ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തരൂര്‍ പറഞ്ഞു.

വ്യക്തിപരമായി തനിക്കെതിരെ പ്രത്യേകിച്ച് കേസുകളൊന്നും ഇല്ലെങ്കിലും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും തരൂര്‍ പറഞ്ഞു. പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതു കൊണ്ടും കുറ്റപത്രം ഇല്ലാത്തതു കൊണ്ടും അന്വേഷണം മുമ്പോട്ട് കൊണ്ടുപോകുന്നതില്‍ അര്‍ത്ഥമില്ല. മരണവുമായി ബന്ധപ്പെട്ട് പൊലീസ് ഉടന്‍ തന്നെ നിഗമനത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്നും തരൂര്‍ പറഞ്ഞു. സുനന്ദയുടെ മകനും സഹോദരനും അച്ഛനും തന്നോടൊപ്പം ഉണ്ടായിരുന്നെന്നും സുനന്ദയുടെ മരണത്തില്‍ താന്‍ തകര്‍ന്നിരിക്കുകയാണെന്നും തരൂര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക