മുതിര്‍ന്ന സി പി എം നേതാവ് സി കൃഷ്‌ണന്‍ നായര്‍ അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ പിലിക്കോട്ടെ വസതിയിലായിരുന്നു അന്ത്യം. 86 വയസായിരുന്നു.
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനം പടുത്തുയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച നേതാവായിരുന്നു സി കൃഷ്ണന്‍നായര്‍. 1939ലെ ചരിത്രപ്രസിദ്ധമായ ബക്കളം സമ്മേളനത്തില്‍ പങ്കെടുത്ത അദ്ദേഹം 1941ലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകുന്നത്.
ഭഗത്‌സിംഗിനെ തൂക്കിലേറ്റിയതിനെതിരെ പിലിക്കോട്ട് നടത്തിയ പ്രകടനത്തില്‍ തുടങ്ങിയ രാഷ്ട്രീയ പോരാട്ടമാണ് കൃഷ്ണന്‍ നായരുടേത്. ഒട്ടേറെ കര്‍ഷക സമരങ്ങളില്‍ പങ്കെടുത്തു. മൊറാഴ, കയ്യൂര്‍ സംഭവങ്ങളെ തുടര്‍ന്ന് പൊലീസിന്‍റെ ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് വിധേയനായി. 1948ല്‍ ജയില്‍വാസമനുഭവിച്ചു.
1946 മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കൂടുതല്‍ സജീവമായി. ഫര്‍ക്ക കമ്മിറ്റി സെക്രട്ടറി, താലൂക്ക് കമ്മിറ്റിയംഗം, കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം, കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
1984ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയംഗമായി. പഞ്ചായത്ത് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും കാസര്‍കോട് ജില്ലാ സെക്രട്ടറിയുമായിരുന്നു.
പിലിക്കോട് പഞ്ചായത്ത് പ്രസിഡന്‍റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ജില്ലാ കൗണ്‍സില്‍ പ്രസിഡന്‍റ്, രണ്ട് തവണ ഗ്രാമവികസന ബോര്‍ഡ് ചെയര്‍മാന്‍, രണ്ട് തവണ വീതം കോഴിക്കോട് സര്‍വകലാശാല, കേരള കാര്‍ഷിക സര്‍വകലാശാല എന്നിവയുടെ സെനറ്റംഗവുമായിരുന്നു. ദേശാഭിമാനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്ന നിലയിലും സേവനമനുഷ്ഠിച്ചു.
പ്രശസ്‌ത സാഹിത്യകാരന്‍ സി വി ബാലകൃഷ്‌ണന്‍ മരുമകനാണ്.