സിപി‌എം കേന്ദ്രനേതൃത്വത്തിന്‌ വീഴ്‌ചപറ്റി: ബംഗാള്‍ നേതാക്കള്‍

വ്യാഴം, 5 ഏപ്രില്‍ 2012 (21:30 IST)
PRO
PRO
സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്രനേതൃത്വത്തിനെതിരെ ബംഗാള്‍ ഘടകം നേതാക്കളുടെ രൂക്ഷവിമര്‍ശനം. നേതൃത്വത്തിന് ജനവികാരം പ്രതിഫലിപ്പിക്കാനായില്ലെന്ന് വിമര്‍ശനമുണ്ടായി.

ആണവക്കരാറിന്റെ പേരില്‍, യു പി എ സര്‍ക്കാരിനുള്ള പിന്തുണ ധൃതിപിടിച്ച് പിന്‍‌വലിച്ചത് രാഷ്ട്രീയതിരിച്ചടിക്ക് കാരണമായതായി ബംഗാള്‍ പ്രതിനിധികള്‍ പറഞ്ഞു. പിന്തുണ പിന്‍‌വലിച്ചതിനെ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ്സും കോണ്‍ഗ്രസ്സും തമ്മില്‍ സംഖ്യമുണ്ടായത് ബംഗാളില്‍ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്ന് പ്രതിനിധികള്‍ പറഞ്ഞു. സിംഗൂര്‍ - നന്ദിഗ്രാം പ്രശ്നങ്ങളില്‍ പാര്‍ട്ടിക്ക് തെറ്റുപറ്റിയെന്നും ബംഗാള്‍ പ്രതിനിധികള്‍ പറഞ്ഞു.

നയ രൂപീകരണങ്ങളില്‍ കേന്ദ്രനേതൃത്വത്തിന്‌ വന്‍ പരാജയം സംഭവിച്ചു. നേതാക്കളുടെ ധാര്‍ഷ്‌ട്യവും ജനങ്ങളുടെ അഭിപ്രായത്തെ മാനിക്കാതിരുന്നതും ബംഗാളിലെ വന്‍ പരാജയത്തിന് കാരണമായെന്നായിരുന്നു വിമര്‍ശനം.

അതേസമയം യു പി എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍‌വലിച്ചത് ശരിയായ നടപടിയാണെന്നായിരുന്നു കേരള പ്രതിനിധികള്‍ പറഞ്ഞത്.

അതേസമയം ബംഗാള്‍ ഘടക പ്രതിനിധികള്‍ കേന്ദ്രനേതൃത്വത്തെ വിമര്‍ശിച്ചില്ലെന്നായിരുന്നു കാരാട്ട് പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. രാഷ്ട്രീയ പ്രമേയത്തിന്‍ മേല്‍ 163 ഭേദഗതികള്‍ അംഗീകരിച്ചതായി പ്രകാശ് കാരാട്ട് അറിയിച്ചു.

വെബ്ദുനിയ വായിക്കുക