സര്‍ച്ചാര്‍ജ് ഈടാക്കാന്‍ കോടതി അനുമതി

ചൊവ്വ, 31 ഓഗസ്റ്റ് 2010 (17:47 IST)
വൈദ്യുത സര്‍ച്ചാര്‍ജ് നാളെ മുതല്‍ ഈടാക്കാന്‍ വൈദ്യുതി ബോര്‍ഡിന് ഹൈക്കോടതിയുടെ അനുമതി. പ്രതിമാസം 120 യൂണിറ്റിന്‌ മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്ന്‌ സര്‍ചാര്‍ജ്ജ്‌ ഈടാക്കാന്‍ ആണ് അനുമതി ലഭിച്ചിരിക്കുന്നത്.

സെപ്തംബര്‍ ഒന്നുമുതല്‍ സര്‍ചാര്‍ജ്ജ്‌ പിരിക്കരുതെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ വൈദ്യുതി ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെതിരെയാണ് വൈദ്യുതബോര്‍ഡ് ഹൈക്കോടതിയെ സമീപിച്ചത്. ബാധ്യത തീര്‍ന്നിട്ടില്ലെന്നും ഇനിയും സര്‍ചാര്‍ജ്ജ്‌ പിരിക്കാന്‍ അനുവദിക്കണമെന്നും ബോര്‍ഡ്‌ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന്, റെഗുലേറ്ററി കമ്മീഷന്‍റെ ഉത്തരവ്‌ താല്‍കാലികമായി തടഞ്ഞ കോടതി ബോര്‍ഡിന്‌ ബുധനാഴ്ച മുതല്‍ സര്‍ചാര്‍ജ്‌ ഈടാക്കാമെന്ന് ഉത്തരവിട്ടു.

അധികവൈദ്യുതി വാങ്ങുന്നതു മൂലമുള്ള ബാധ്യത പരിഹരിക്കുന്നതിന്‌ യൂണിറ്റിന്‌ 25 പൈസ നിരക്കിലാണ്‌ വൈദ്യുതി ബോര്‍ഡ്‌ സര്‍ചാര്‍ജ്‌ ഈടാക്കിയിരുന്നത്‌. 120 യൂണിറ്റിന്‌ മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്നാണ്‌ സര്‍ചാര്‍ജ്ജ്‌ ഈടാക്കിയിരുന്നത്‌.

ബോര്‍ഡ്‌ ലാഭത്തിലാണെന്ന നിഗമനത്തിലാണ്‌ സെപ്തംബര്‍ മുതല്‍ സര്‍ചാര്‍ജ്ജ്‌ പിരിക്കേണ്ടെതില്ലെന്ന്‌ റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിട്ടത്‌. വരവ്‌ ചെലവ്‌ കണക്കുകള്‍ ബോര്‍ഡ്‌ സമര്‍പ്പിച്ചില്ലെന്ന്‌ ചൂണ്ടിക്കാട്ടിയായിരുന്നു കമ്മീഷന്‍റെ ഉത്തരവ്‌.

വെബ്ദുനിയ വായിക്കുക