സര്‍ക്കാര്‍ ജോലിക്ക് മലയാളം ഭാഷാ പരിജ്ഞാനം നിര്‍ബന്ധമാക്കും
വ്യാഴം, 17 ഒക്‌ടോബര്‍ 2013 (14:17 IST)
PRO
PRO
സര്‍ക്കാര്‍ ജോലിക്ക് മലയാളം ഭാഷാ പരിജ്ഞാനം നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. തമിഴ്, കന്നട ഭാഷ ന്യുനപക്ഷങ്ങള്‍ക്ക് ഇളവ് തുടരും. നിലവിലെ ചട്ടം അനുസരിച്ച് പത്തു വര്‍ഷത്തിനുള്ളില്‍ ഇവര്‍ മലയാളം പരീക്ഷ പാസാകണം. എപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് വഴി ജോലി ലഭിക്കുന്നതിനുള്ള പ്രായപരിധി പൊതുവിഭാഗത്തില്‍ 41 വയസാക്കി. ഒബിസി വിഭാഗത്തിന് 44 വയസും എസ്‌സി, എസ്‌ടി വിഭാഗങ്ങള്‍ക്കുള്ള പ്രായപരിധി 46 വയസ്സായും ഉയര്‍ത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.
സോളാര്‍ കേസില്‍ 2005ല്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളും ഉള്‍പ്പെടുത്തി അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിയമസഭയ്ക്കകത്തും പുറത്തും ഉന്നയിച്ച എല്ലാ വിഷയങ്ങളും അന്വേഷണത്തില്‍ വരും. മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും അന്വേഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ഒരു മടിയുമില്ല. പ്രതിപക്ഷം നല്‍കിയ നീണ്ട പട്ടിക ഉള്‍പ്പെടുന്നതാണ് അന്വേഷണത്തിലെ പരിഗണനാ വിഷയങ്ങള്‍. അവരുടെ ലക്ഷ്യം സത്യം കണ്ടെത്താനല്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ശിപാര്‍ശ പ്രകാരം തിരുവനന്തപുരത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സെന്റര്‍ സ്‌റ്റേറ്റ് ടെക്‌നോളജി പാര്‍ട്ണര്‍ഷിപ്പ് ആന്റ് അഡാപ്‌റ്റേഷന്‍ എന്ന സ്ഥാപനം തുടങ്ങാന്‍ അനുമതി നല്‍കി. 14 കോടി രൂപ ചെലവ് വരുന്ന സ്ഥാപനത്തിന് ഈ വര്‍ഷം 3.5 കോടി അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
പോലീസ് കോണ്‍സ്റ്റബിള്‍ പരിശീലനത്തിനായി നടത്തിയ 673 തസ്തികകളിലെ നിയമനം തുടരും. തീരദേശ വികസനത്തിന് വിനിയോഗിക്കുന്ന സാങ്കേതിക സാമൂഹ്യ സാധ്യതാ പഠനത്തിന് അനുമതി നല്‍കി. പൂന്തുറ ഇടയാറിലുണ്ടായ സംഘര്‍ഷത്തില്‍ നാശനഷ്ടം വന്നവര്‍ക്ക് അടിയന്തര സഹായം നല്‍കും. കസ്തൂരിരംഗന്‍ കമ്മറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് വന്ന വാര്‍ത്തകള്‍ ആശങ്ക സൃഷ്ടിക്കുകയും തെറ്റിദ്ധാരണ ഉളവാക്കുന്നതുമാണ്. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടണമെന്ന് സര്‍ക്കാര്‍ ഉന്നയിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.