സരിതയെ സത്യം പറയുന്നതില്‍ നിന്ന് തടയുന്നതാര്?

ചൊവ്വ, 12 ജനുവരി 2016 (21:46 IST)
സരിത എസ് നായര്‍ സോളാര്‍ കമ്മിഷനോട് സത്യം വെളിപ്പെടുത്തുന്നത് ഏതോ കോണില്‍ നിന്ന് തടയപ്പെടുന്നുണ്ടോ എന്ന് സോളാര്‍ കമ്മീഷന്‍ സംശയം പ്രകടിപ്പിച്ചു. സരിത ചൊവ്വാഴ്ചയും സോളാര്‍ കമ്മിഷന് മുമ്പില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കമ്മീഷന്‍ ഈ സംശയം ഉന്നയിച്ചത്. ആലപ്പുഴ രാമങ്കരി കോടതിയില്‍ കേസുള്ളതിനാല്‍ ഹാജരാകാന്‍ സാധ്യമല്ലെന്നായിരുന്നു സരിതയുടെ വിശദീകരണം.
 
കമ്മിഷന്‍റെ കാലാവധി തീരുന്ന ഏപ്രില്‍ 27ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കി. 
 
സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സോളാര്‍ അന്വേഷണ കമ്മിഷന്‍ വിസ്‌തരിക്കും. ജനുവരി 25ന് തിരുവനന്തപുരത്ത് വച്ചായിരിക്കും മുഖ്യമന്ത്രിയെ വിസ്‌തരിക്കുക. സാക്ഷി വിസ്താരത്തിന് ഹാജരാകാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി അന്വേഷണ കമ്മിഷനെ അറിയിച്ചു. ജിക്കുമോന്‍, സലീംരാജ് എന്നിവരെ 18നും 22നും വിസ്തരിക്കും. 
 
സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ നിരവധി ആരോപങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സോളാര്‍ കമ്മിഷന്‍ മുഖ്യമന്ത്രിയെ വിസ്തരിക്കാന്‍ തീരുമാനിച്ചത്.
 
വിസ്താരത്തിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി കമ്മിഷന്‍ ഓഫ് എന്‍ക്വയറി ആക്ട് സെക്ഷന്‍ 8ബി പ്രകാരമാണ് മുഖ്യമന്ത്രിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക