സമ്മേളനം മടങ്ങാത്തവര്‍ക്കുള്ള ഗുണപാഠം - കരുണാകരന്‍

വ്യാഴം, 31 ജനുവരി 2008 (15:21 IST)
KBJWD
കോണ്‍ഗ്രസിലേക്ക്‌ മടങ്ങിവരാത്തവര്‍ക്കുള്ള ഗുണപാഠമാണ്‌ വെള്ളിയാഴ്ച കൊച്ചിയില്‍ നടക്കുന്ന സമ്മേളനമെന്ന്‌ കെ.കരുണാകരന്‍ പറഞ്ഞു.

വെറുപ്പോ വിദ്വോഷമോ സംസ്ഥാന കോണ്‍ഗ്രസില്‍ ഉണ്ടാകില്ലെന്നും എതിരാളിയെ തോല്‍പ്പിക്കുക എന്ന ഒറ്റലക്‍ഷ്യമായിരിക്കും ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. നാളത്തെ ഐക്യസമ്മേളനത്തിന്‍റെ ഒരുക്കങ്ങള്‍ വിലയിരുത്താനെത്തിയ കരുണാകരന്‍ മറൈന്‍ഡ്രൈവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

കോണ്‍ഗ്രസ്‌ ഒത്തൊരുമയോടെ പൊതുശത്രുവിനെതിരേ മുന്നോട്ട്‌ പോകും. ഇനി കോണ്‍ഗ്രസില്‍ വ്യക്തി വിരോധമോ, ഗ്രൂപ്പു വിദ്വേഷമോ ഉണ്ടാകില്ല. കോണ്‍ഗ്രസിലേക്ക്‌ മടങ്ങിവരാത്തവര്‍ക്കുള്ള ഗുണപാഠമാണ്‌ നാളത്തെ സമ്മേളനം. മാഫിയക്കെതിരേയുള്ള സമരപ്രഖ്യാപനമാകും കൊച്ചിയില്‍ നടക്കുന്ന സമ്മേളനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും മുന്‍‌ഗണന നല്‍കുക. തന്‍റെ പ്രതീക്ഷകള്‍ക്ക് അപ്പുറമാണ് അണികളുടെ ആവേശം. നാളെ രാവിലെ മുതല്‍ മറൈന്‍ഡ്രൈവറിലെ സമ്മേളന നഗരിയിലേക്ക് പ്രവര്‍ത്തകര്‍ ഒഴുകും. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കം കുറിക്കും.

എതിരാളികള്‍ക്കെതിരെ അണിനിരക്കുമ്പോള്‍ ഗ്രൂപ്പോ വെറുപ്പോ ഒന്നും പ്രശ്നമാകില്ല - കരുണാകരന്‍ പറഞ്ഞു. നാളെ വൈകിട്ട് അഞ്ച് മണിക്കാണ് കരുണാകരന്‍റെ മടങ്ങിവരവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഐക്യസമ്മേളനം നടക്കുക. സമ്മേളനം ഐ.ഐ.സി.സി ജനറല്‍ സെക്രട്ടറി മൊഹ്‌സിന കിദ്വായി ഉദ്ഘാടനം ചെയ്യും.

വെബ്ദുനിയ വായിക്കുക