പുത്തൂര്‍ ഷീല വധക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ മരിച്ച സമ്പത്തിനെ പൊലീസ് മര്‍ദ്ദിച്ചത് ജലവിഭവ വകുപ്പിന്‍റെ മലമ്പുഴ കോട്ടേജില്‍ വെച്ചാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. രണ്ട് എസ്‌ഐമാരുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
സമ്പത്തിനെ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലായിരുന്നു പാര്‍പ്പിച്ചിരുന്നതെന്നായിരുന്നു പൊലീസ് വ്യക്തമാക്കിയിരുന്നത്. ഇവിടെവെച്ച് സമ്പത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടതെന്നായിരുന്നു പൊലീസ് വിശദീകരണം. എന്നാല്‍ മലമ്പുഴയില്‍ ജലവിഭവ വകുപ്പിന്‍റെ റിവര്‍സൈഡ് കോട്ടേജില്‍ വെച്ചാണ് മര്‍ദ്ദിച്ചതെന്ന വിവരത്തെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് നേരത്തെ ഇവിടെ പരിശോധന നടത്തിയിരുന്നു.
സമ്പത്തിനെ തെളിവെടുപ്പിനായി കോയമ്പത്തൂരില്‍ കൊണ്ടുപോയപ്പോള്‍ മര്‍ദ്ദിച്ചതായി നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതും കളവായിരുന്നെന്ന് അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. കോയമ്പത്തൂരില്‍ വെച്ച് സമ്പത്തിനെ മര്‍ദ്ദിക്കാനുള്ള ശ്രമം തമിഴ്നാട് പൊലീസിന്‍റെ ഇടപെടലിനെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടിവരികയായിരുന്നെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍.
സമ്പത്തിനെ മര്‍ദ്ദിക്കുമ്പോള്‍ എസ്പി സ്ഥലത്തുണ്ടായിരുന്നില്ലെന്നും ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മര്‍ദ്ദനത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കൂട്ടുപ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. പൊലീസ് മര്‍ദ്ദനത്തിന്‍റെ ഫലമായി തലച്ചോറിലുണ്ടായ രക്തസ്രാവമാണ് സമ്പത്തിന്‍റെ മരണകാരണമെന്ന് നേരത്തെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ അറുപത്തിമൂന്ന് മുറിപ്പാടുകളാണ് സമ്പത്തിന്‍റെ ശരീരത്തിലുണ്ടായിരുന്നത്.